ഫോണുകളില്‍ നിന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ ഡീലീറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി മാസ്ക്കുകള്‍ നൽകി ബിജെപി എംഎല്‍എ

ലക്നൗ: ചൈനയ്ക്കെതിരെ ഇന്ത്യയുടെ നടപടിയെ വേറിട്ട രീതിയിൽ ആഘോഷിച്ച് ബിജെപി എംഎൽഎ. ചൈനീസ് ആപ്ലിക്കേഷനുകള്‍ മൊബൈല്‍ ഫോണുകളില്‍ നിന്ന് ഡീലീറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി മാസ്ക്കുകള്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ് ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയായ അനുപമ ജയ്‍സ്വാള്‍ ആണ് പുതിയ ക്യാമ്പയിനുമായി രംഗത്ത് വന്നിരിക്കുന്നത്.

മഹിളാ മോര്‍ച്ചയുടെ സഹായത്തോടെയാണ് ക്യാമ്പയിന്‍ നടക്കുന്നത്. ഉത്തര്‍പ്രദേശിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ചുമതലയുള്ള മന്ത്രിയായിരുന്നു അനുപമ ജയ്‍സ്വാള്‍. 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രം നിരോധിച്ചതിന് പിന്നാലെയാണ് ചൈനീസ് ആപ്ലിക്കേഷനുകള്‍ ഡീലീറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി മാസ്ക് നല്‍കുന്നതെന്ന് അനുപമ പറഞ്ഞു.

Loading...

ജൂണ്‍ 29നാണ് ടിക് ടോക്, യുസി ബ്രൗസര്‍, എക്സെന്‍ഡര്‍ തുടങ്ങി 59 ആപ്പുകള്‍ക്ക് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്തിന്‍റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാന സംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഡിജിറ്റൽ മാർക്കറ്റിൽ മുന്നേറ്റനിരയിലുള്ള ഇന്ത്യയിൽ പക്ഷേ, ആപ്ലിക്കേഷനുകൾ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയെ കണക്കിലെടുക്കുന്നില്ലെന്ന് കേന്ദ്രസർക്കാരിന്‍റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.