തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് നേതാക്കളുടെ കൂട്ടരാജി. നൂറിലധികം അംഗങ്ങളാണ് പാര്‍ട്ടി വിടുന്നത്. ഡിസിസി നേതാക്കളടക്കം പാർട്ടിയിൽ നിന്ന് കൊഴിഞ്ഞു പോകുന്നത് കോണ്‍ഗ്രസ്സിന് കടുത്ത തിരിച്ചടിയാകും. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് രാജിക്കത്ത് കൈമാറി. കെ.പി.സി.സി ആസ്ഥാനം സ്ഥിതി ചെയ്യുന്ന വട്ടിയൂര്‍ക്കാവ് ബ്ലോക്കിലെ 104 പേര്‍ ഒപ്പിട്ട രാജിക്കത്താണ് കൈമാറിയത്.
നേരത്തെ വട്ടിയൂര്‍ക്കാവില്‍ വിമതയോഗം ചേര്‍ന്നവരാണ് രാജിവെയ്ക്കുന്നത്. ആരോപണ വിധേയരെ ഒഴിവാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നണ് നേതാക്കള്‍ പറയുന്നത്. കെ.പി.സി.സി അംഗങ്ങളായ ഡി.സുദര്‍ശനും ശാസ്തമംഗലം മോഹനനുമെതിരെ നടപടിയില്ലാത്തതിലാണ് പ്രതിഷേധം. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്തായി ദയനീയപരാജയമാണ് ഏറ്റുവാങ്ങിയത്.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സുദര്‍ശനും ശാസ്തമംഗലം മോഹനനും ആദ്യം പരസ്യവിമര്‍ശനമുന്നയിച്ചെന്നും പിന്നീട് ഇവര്‍തന്നെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിത്വം ഏറ്റെടുത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചെന്നുമാണ് ആരോപണം.
പാർട്ടിയുടെ പരാജയത്തിന് പിന്നിൽ പ്രവർത്തിച്ചവർ ഇപ്പോഴും നേതൃത്വത്തില്‍ വിലസുകയാണെന്നും ഇവര്‍ക്കെതിരേ നടപടിയില്ലെന്നും മറ്റ് പാർട്ടികളുമായി ഇവര്‍ തിരഞ്ഞെടുപ്പ് കാലത്ത് രഹസ്യധാരണയുണ്ടാക്കുന്നുവെന്നും കൂട്ടരാജിയുടെ കാരണമായി ചൂണ്ടിക്കാട്ടുന്നു. ഇവർക്കെതിരെ നടപടി സ്വീകരിക്കാതെ അവരെ വീണ്ടും പുതിയ കമ്മിറ്റികളുടെ തലപ്പത്ത് നിയമിക്കുന്നതില്‍ പ്രതിഷേധമുണ്ടെന്നും രാജിക്കത്തിൽ നേതാക്കൾ വ്യക്തമാക്കി