കേരളം മാതൃമരണ നിരക്ക് കുറഞ്ഞ സംസ്ഥാനം

Loading...

തിരുവനന്തപുരം: രാജ്യത്ത് മാതൃ മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം വീണ്ടും മുന്നിലെത്തി. 61 എന്ന നിലയില്‍ നിന്നും 46 ആയാണ് കേരളത്തിലെ മാതൃമരണ നിരക്ക് കുറയ്ക്കാനായത്. ഇന്ത്യയില്‍ മൊത്തത്തില്‍ മാതൃ മരണ നിരക്ക് 130 ആകുമ്പോഴാണ് കേരളത്തില്‍ ഇത്ര കുറവുള്ളത് എന്നതും നേട്ടമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം ഉപയോഗിച്ചാണ് ഇത് പ്രസിദ്ധീകരിച്ചത്.

മാതൃമരണ നിരക്ക് കുറക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഒരു സ്ഥലത്തെ ആരോഗ്യ പുരോഗതിയില്‍ ഏറ്റവുമധികം പ്രാധാന്യമുള്ളതാണ് മാതൃ മരണ നിരക്ക് കുറയ്ക്കുക എന്നത്. സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായി മാതൃ ശിശു മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. 2020 ല്‍ മാതൃമരണ നിരക്ക് 30 ആക്കിയും 2030 ല്‍ 20 ആക്കിയും കുറച്ചു കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി പറഞ്ഞു.

Loading...