മാവോയിസ്റ്റുകള്‍ ലക്ഷ്യം വയ്ക്കുന്നത് ശബരിമല, ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ശബരിമലയിലേക്കു നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വനത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാലും ഭക്തര്‍ വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും എവിടെനിന്നും അക്രമം പ്രതീക്ഷിക്കാം.

അടുത്തിടെയുണ്ടായ സംഭവങ്ങള്‍ അതീവ ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. ഭക്തരുടെ കൂട്ടത്തിലേക്കു ഇവര്‍ കടന്നു കൂടാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജന്‍സികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളും സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

Loading...

തീരദേശം വഴി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കേരളത്തിലേക്ക് കടത്താന്‍ സാധ്യതയുണ്ട്. തീരദേശത്ത് ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ 15ന് തുറക്കുന്ന നട ജനുവരി 20നാണ് അടയ്ക്കുന്നത്. കഴിഞ്ഞവര്‍ഷം വലിയൊരു പ്രശ്‌നത്തിന് സാക്ഷ്യം വഹിച്ചതുമാണ് ശബരിമല. ഇത്തവണയും മറ്റൊരു ആപത്ത് ഉണ്ടാകാനുള്ള സാധ്യതയേറെയുണ്ട്.

ട്രാക്ടറുകളില്‍ സ്വാമി അയ്യപ്പന്‍ റോഡു വഴി സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന സാധനങ്ങള്‍ പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. ഡോളിയില്‍ വരുന്നവരേയും കാക്കി പാന്റ് ധരിച്ചു വരുന്നവരെയും പരിശോധിക്കണം. ശബരിമലയിലെത്തുന്ന വിദേശ തീര്‍ഥാടകരുടെ വിവരങ്ങള്‍ ശേഖരിക്കണം. സന്നിധാനത്തേക്കുള്ള കാനനപാതയായ പുല്ലുമേടില്‍ പട്രോളിങ് ശക്തമാക്കണം. സുരക്ഷാ ക്യാമറകളുടെ പ്രവര്‍ത്തനവും നിരീക്ഷണവും ഉറപ്പാക്കണം. വ്യോമസേനയും നാവിക സേനയും ശബരിമലയില്‍ സംയുക്തമായി വ്യോമനിരീക്ഷണം നടത്തും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരിക്കും ചീഫ് കോ ഓര്‍ഡിനേറ്റര്‍. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നോഡല്‍ ഓഫിസര്‍. എമര്‍ജന്‍സി ലാന്‍ഡിങിനായി നിലയ്ക്കല്‍ ഹെലിപ്പാട് ഉപയോഗിക്കും.

അതേസമയം ആനക്കട്ടിയില്‍ തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടിയ മാവോയിസ്റ്റ് നേതാവ് ദീപക്കിനെ റിമാന്‍ഡ് ചെയ്തു. ഈ മാസം 22 വരെയാണ് റിമാന്‍ഡ് ചെയ്തത്. പുലര്‍ച്ചെ 1.10 ന് കോയമ്പത്തൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിക്ക് മുന്‍പാകെയാണ് ഹാജരാക്കിയത്.

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ അട്ടപ്പാടിക്ക് സമീപം കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മൂല ഗംഗല്‍ വനമേഖലയില്‍ നിന്നാണ് തമിഴ്‌നാട് പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് മാവോയിസ്റ്റ് നേതാവ് ദീപക്കിനെ അറസ്റ്റ് ചെയ്യുന്നത്. വീരപാണ്ടിയിലെ എസ്ടിഎഫിന്റെ ആസ്ഥാനത്തെത്തിച്ച ദീപക്കിനെ കാലിലെ പരുക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.