നിയമനക്കത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി; മേയർക്ക് വൻ തിരിച്ചടി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ കത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. കേസിൽ ക്രൈംബ്രാഞ്ച് ആണ് പ്രാഥമിക അന്വേഷണം നടത്തിയത്. കത്തിന്റെ ഒറിജിനൽ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല. ഇത് കണ്ടെത്തണമെങ്കിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിലും ഇത് വ്യക്തമാക്കിയിരുന്നു.

അതിനാൽ ഈ കത്ത് വ്യാജമാണോ, അല്ലെങ്കിൽ മേയറുടെ അനുമതിയോട് കൂടി ആരെങ്കിലും തയ്യാറാക്കിയതാണോ തുടങ്ങിയ വസ്തുതകൾ മനസിലാക്കണമെങ്കിൽ കേസെടുത്തുള്ള അന്വേഷണം ആവശ്യമാണ്.കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കസ്റ്റഡിയിലെടുക്കാനും, സംശയമുള്ളവരെ ചോദ്യം ചെയ്യാനുമെല്ലാം കേസെടുത്തുള്ള അന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂ എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

Loading...

ഇതോടെയാണ് കത്ത് വിഷയത്തിൽ കേസെടുക്കാൻ ഡിജിപി ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണം നടത്തിയ യൂണിറ്റ് ആയിരിക്കില്ല തുടരന്വേഷണം നടത്തുന്നത്. തിരുവനന്തപുരത്ത് തന്നെയുള്ള ഏതെങ്കിലും യൂണിറ്റ് ആയിരിക്കും കേസ് അന്വേഷിക്കുന്നത്. ഇക്കാര്യം ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. വ്യാജരേഖ ചമക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യും.