മേയറുടെ കത്ത് വിലയ അഴിമതിയുടെ ഭാഗം; തൊഴില്‍രഹിതര്‍ക്ക് നീതിലഭിക്കും വരെ പോരാടും- പ്രകാശ് ജാവ്‌ദേക്കര്‍

തിരുവനന്തപുരം. കത്ത് വിവാദത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍. മേയര്‍ താത്കാലിക നിയമനത്തിന് പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയത് അബദ്ധമല്ലെന്ന് അദ്ദേഹം പറഞ്ഞു. ന്യായമായ രീതിയില്‍ നിയമനം നടത്താതെ സിപിഎം പ്രവര്‍ത്തകര്‍ക്ക് മാത്രം നിയമനം നല്‍കുക എന്ന ഉദേശത്തോടെ നല്‍കിയ കത്ത് വലിയ അഴിമതിയാണെന്ന് അദ്ദേഹം പറഞ്ഞു.

മേയറുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്ന ബിജെപി കൗണ്‍സിലര്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരമുഖത്തുള്ള കൗണ്‍സിലര്‍മാരെ അദ്ദേഹം അഭിനന്ദിച്ചു. അവരുടെ പോരാട്ടം വിജയത്തില്‍ എത്തുമെന്ന് ഉറപ്പുണ്ടെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായ പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. സമാധാനപരമായ സമരത്തിനെതിരെ പോലീസ് നാല് ഗ്രനേഡുകള്‍ എറിഞ്ഞുവെന്നും ഗ്രനേഡുകള്‍ സൂക്ഷിക്കുന്നത് തീവ്രവാദികളാണെന്നും അദ്ദേഹം പറഞ്ഞു.

Loading...

കത്ത് വിവാദത്തില്‍ താന്‍ രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. കൗണ്‍സിലര്‍മാ രുടെയും ജനങ്ങളുടെയും പിന്തുണ ഉള്ളിടത്തോളം കാലം സ്ഥാനത്ത് തുടരുമെന്നും മേയര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. വെറുതേ കിടന്നോട്ടോ എന്നുകരുതിയല്ല പരാതി കൊടുത്തതെന്ന് പറഞ്ഞ മേയര്‍ കോടതി പറയുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും പറഞ്ഞിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസിന്റെ പെട്ടിപ്രതിഷേധത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നത് നിയമ വശം നോക്കി തീരുമാനിക്കും മേയര്‍ പറഞ്ഞു.

ഇതിനിടെ, കത്ത് വിവാദത്തില്‍ കോര്‍പ്പറേഷനില്‍ വെള്ളിയാഴ്ചയും പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. തുടര്‍ച്ചയായി അഞ്ചാംദിവസമാണ്. ഈ വിഷയത്തില്‍ പ്രതിഷേധം നടക്കുന്നത്. കോര്‍പറേഷന് പുറത്ത് യു ഡി എഫ് പ്രവര്‍ത്തകരും അകത്ത് യു ഡി എഫ് കൗണ്‍സിലര്‍മാരും ധര്‍ണ നടത്തുകയാണ്. ബി ജെ പി മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയുണ്ടായി.