മീടൂ വെളിപ്പെടുത്തലിന്റെ പേരില്‍ കേസെടുക്കാനാകില്ല; മുകേഷിനെ രക്ഷിച്ച് പോലീസ്

മീ ടൂ വെളിപ്പെടുത്തലില്‍ മുകേഷിന് കുരുക്കില്ല. താരത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചു. സോഷ്യല്‍ മീഡിയകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ സാധിക്കില്ല. മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് കൊല്ലം സിറ്റി പോലീസ് നിയമോപദേശം തേടിയത്.

19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്വകാര്യ ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ ചെന്നൈയിലെ ഹോട്ടലില്‍ താമസിക്കുമ്പോള്‍, അവതതാരകനായ മുകേഷ് രാത്രിയില്‍ നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നും തന്റെ മുറി മുകേഷ് സ്വന്തം മുറിയുടെ അടുത്താക്കാന്‍ ശ്രമിച്ചുമെന്നുമായിരുന്നു സിനിമ സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫ് ആരോപിച്ചിരുന്നത്. മേധാവിയായിരുന്ന ഡെറക് ഒബ്രിയനോടു ദുരനുഭവം പറഞ്ഞപ്പോള്‍ ആ പരിപാടിയില്‍നിന്ന് ഒഴിവാക്കിത്തന്നുവെന്നും ടെസ് പറഞ്ഞിരുന്നു.

Loading...

എന്നാല്‍ ആരോപണം മുകേഷ് ചിരിച്ച് തള്ളുകയായിരുന്നു. ‘അങ്ങനെയൊരു സംഭവം ഓര്‍മയിലില്ല. തെറ്റിദ്ധരിച്ചതാകാനാണു സാധ്യത. ഫോണില്‍ നിരന്തരം വിളിച്ചു ശല്യപ്പെടുത്തി എന്നാണ് ആരോപണം. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. മുകേഷ് കുമാര്‍ എന്നു പറഞ്ഞു മറ്റാരെങ്കിലും വിളിച്ചതാകാം. ടെസ് ജോസഫിനെ കണ്ടതായി ഓര്‍ക്കുന്നില്ല’ മുകേഷ് പറഞ്ഞു.

തന്റെ ഏറ്റവുമടുത്ത സുഹൃത്തും ഗുരുവുമാണ് ഒബ്രിയന്‍ .10 വര്‍ഷം മുന്‍പും ഒബ്രയനെ കണ്ടിരുന്നു. കേരളത്തില്‍ എനിക്കാകെയുള്ള സുഹൃത്ത് മുകേഷ് ആണെന്ന് അദ്ദേഹം തോളില്‍ തട്ടി പറഞ്ഞു. എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ ഒരിക്കലും അദ്ദേഹം സൗഹൃദം പങ്കുവയ്ക്കുമായിരുന്നില്ല. ടെസ് ജോസഫിനെതിരെ മാനനഷ്ടക്കേസ് നല്‍കണോയെന്നു പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും.- മുകേഷ് പറഞ്ഞു.