നാളെ മുതല്‍ 25 രൂപയ്ക്ക് ഊണ് കഴിക്കാം;ജനകീയ ഹോട്ടല്‍ നാളെ തുറക്കും

ആലപ്പുഴ: ഇന്നത്തെ കാലത്ത് അന്‍പത് രൂപയില്‍ കുറഞ്ഞ പൈസയ്ക്ക് ഊണ് ലഭിക്കുന്ന കാര്യം നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. കാരണം ഊണിന് വരെ തീവില വന്നിട്ട് നാള് കുറച്ചായി. എന്നാല്‍ നാളെ മുതല്‍ 25 രൂപയ്ക്ക് നല്ല അസ്സല്‍ ഊണ് കഴിക്കാം. അതും മീന്‍ ചാറുള്‍പ്പെടെയുള്ള രുചികരമായ ഊണ്. സംഭവം എന്താന്നെല്ലേ, അതേ നാളെയാണ് ജനകീയ ഹോട്ടല്‍ തുറക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ ജനകീയ ഹോട്ടലാണ് നാളെ മണ്ണഞ്ചേരിയില്‍ തുറക്കാന്‍ പോകുന്നത്. ഭക്ഷ്യമന്ത്രി പി. തിലോത്തമനാണ് ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക.

ഇക്കഴിഞ്ഞ ബജറ്റിലാണ് ധനമന്ത്രി ഡോ.തോമസ് ഐസക് 25 രൂപയ്ക്ക് ഊണ് നല്‍കുന്ന ഹോട്ടലുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. അതും ആയിരം ഹോട്ടലുകളിലായി. എന്തായാലും അദ്ദേഹം അദ്ദേഹത്തിന്റെ വാക്ക് പാലിച്ചിരിക്കുകയാണ് ഒരു മാസത്തിനുള്ളില്‍ തന്നെ സ്വന്തം നിയോജക മണ്ഡലത്തില്‍ അദ്ദേഹം ജനകീയ ഹോട്ടല്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്.തീര്‍ന്നില്ല, ഇനി വിശപ്പ് മാറ്റാന്‍ കൈയില്‍ 25 രൂപയില്ലേ? അതിനും വഴിയുണ്ട്. അവര്‍ക്കും സുഖമായി ഊണ് കഴിക്കാം. ഹോട്ടലിന് മുന്നിലുള്ള ബോര്‍ഡില്‍ ഷെയര്‍ മീല്‍സ് ടോക്കണുകള്‍ ഉണ്ടാകും. ഈ ടോക്കണ്‍ എടുത്ത് നല്‍കിയാല്‍ കാശില്ലാത്തവരാണെങ്കില്‍ ഫ്രീയായി ഊണ് കഴിക്കാം.മറ്റൊരാളുടെ വിശപ്പകറ്റാൻ താത്പര്യമുള്ളവർക്ക് 25 രൂപ നൽകി ഷെയർ മീൽസ് ടോക്കൺ വാങ്ങി ബോർഡിൽ സ്ഥാപിക്കാവുന്നതാണ്. ഇത് നിരവധി പേർക്ക് സഹായകരമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

Loading...

രണ്ടു വർഷത്തിന് മേലെയായി വിശപ്പ് രഹിതമാരാരിക്കുളം പദ്ധതി ഇവിടെ നടക്കുന്നുണ്ട്. പലവിധ കാരണങ്ങളാൽ തനിയെ ഭക്ഷണം പാചകം ചെയ്ത് കഴിക്കുവാൻ നിർവ്വാഹമില്ലാത്തവർക്ക് വീടുകളിൽ ഭക്ഷണമെത്തിച്ചു കൊടുക്കുന്ന പദ്ധതിയാണ് വിശപ്പ് രഹിതമാരാരിക്കുളം പദ്ധതി. 4 പഞ്ചായത്തുകളിലെ 400 പേർക്കാണ് ഈ പദ്ധതി വഴി ദിനംതോറും ഭക്ഷണം നൽകുന്നത്. ഇതിന്റെ തുടർച്ചയായിട്ടാണ് സർക്കാർ വിശപ്പ് രഹിത കേരളമെന്ന പദ്ധതിയാരംഭിച്ചത്.

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും കുടുംബശ്രീയുമായി ചേർന്നാണ് ജനകീയ ഹോട്ടൽ ആരംഭിക്കുന്നത്. പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ ജനകീയ അടുക്കളയിൽ പാചകം ചെയ്താണ് ഭക്ഷണം എത്തിക്കുക. കോമൺ കിച്ചൺ എന്ന ആശയമാണ് ഇതിനു പിന്നിലുള്ളത്. ചോറ്, മീഞ്ചാറ്, സാമ്പാർ, മോര്, തോരൻ, അച്ചാർ എന്നിവയടങ്ങിയതാണ് ഊണ്. സ്പെഷ്യൽ വേണ്ടവർക്ക് അതുമുണ്ടാകും. അതിന് പ്രത്യേകം കാശ് നൽകണം.

നാളെ വൈകിട്ട്‌ 4 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക്, അഡ്വ.എ.എം.ആരിഫ് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീനാ സനൽകുമാർ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് സന്തോഷ്, ജില്ലാ പഞ്ചായത്തംഗം പി എ ജുമൈലത്ത് എന്നിവർ പങ്കെടുക്കും.

മണ്ണഞ്ചേരി പഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്.കുടുംബശ്രീ പ്രവർത്തകരാകും ഹോട്ടലിന്റെ നടത്തിപ്പിന് നേതൃത്വം നൽകുക.