മാധ്യമങ്ങള്‍ പ്രോസ്റ്റിറ്റ്യൂട്ട്സ് : വി.കെ സിങ്

ന്യൂഡല്‍ഹി: മാധ്യമങ്ങളെ അടച്ചധിക്ഷേപിച്ച് കേന്ദ്രമന്ത്രി വി.കെ. സിങ് രംഗത്ത്. മാധ്യമങ്ങളെ എല്ലാം ‘പ്രെസ്റ്റിറ്റ്യൂട്ട്സ്’ എന്ന വാക്കിനാലാണ് സിങ് വിളിച്ചത്. യമനില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെക്കാള്‍ ആവേശകരമാണ് പാകിസ്താന്‍ ഹൈകമീഷന്‍ സന്ദര്‍ശിക്കുന്നതെന്ന് ജിബൂതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായായിരുന്നു പ്രസ്താവന. ഇതിനെ ഒരുവിഭാഗം മാധ്യമങ്ങള്‍ ട്വിറ്ററില്‍ വിമര്‍ശിച്ചപ്പോഴാണ് പ്രെസ്റ്റിറ്റ്യൂട്ടില്‍(മാധ്യമ വ്യഭിചാരം) നിന്ന് നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചത്.

മാര്‍ച്ച് 23ന് ഡല്‍ഹിയില്‍ പാക് ഹൈകമീഷനില്‍ നടന്ന ദേശീയദിനാഘോഷച്ചടങ്ങില്‍ സിങ് പങ്കെടുത്തതും വിവാദത്തിലായിരുന്നു. യമന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ തന്‍െറ പങ്കാളിത്തം അവഗണിക്കുകയും പാക് ദേശീയദിനാഘോഷത്തില്‍ പങ്കെടുത്തതിനെ വിവാദമാക്കുകയും ചെയ്ത ചാനലിനെ ഉദ്ദേശിച്ചായിരുന്നു സിങ്ങിന്‍െറ രോഷപ്രകടനം. പാകിസ്താന്‍ ദേശീയ ദിനാഘോഷച്ചടങ്ങില്‍ പങ്കെടുത്തശേഷം വെറുപ്പ് തോന്നിയെന്ന് അദ്ദേഹം നേരത്തേ ട്വിറ്ററില്‍ കുറിച്ചത് വിവാദമായിരുന്നു. യമനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് നേതൃത്വം നല്‍കാനായി വി.കെ. സിങ് ഇപ്പോള്‍ ജിബൂതിയിലാണുള്ളത്.

Loading...

പരാമര്‍ശം അപലപനീയമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചപ്പോള്‍ മന്ത്രിയുടെ മാനസികാവസ്ഥ വെളിവായെന്ന് ഇടതുപക്ഷം പ്രതികരിച്ചു.