കാന്‍സാസ്: കഞ്ചാവിനെ മയക്കുമരുന്നിന്റെ പട്ടികയില്‍ നിന്നൊഴിവാക്കി ഔഷധമാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തിച്ചിരുന്ന കാന്‍സാസുകാരിയുടെ മകനെ സ്കൂളില്‍ നിന്ന് പുറത്താക്കുകയും, കുട്ടിയെ അവരില്‍ നിന്ന് വേര്‍പെടുത്തി പിതാവിന്റെ സംരക്ഷണയില്‍ വിട്ടുകൊടുക്കുകയും ചെയ്തു. തന്റെ മാരകമായ അസുഖം കഞ്ചാവ് ഉപയോഗിച്ച് മാറ്റുവാന്‍ കഴിഞ്ഞുവെന്ന് പ്രസംഗിക്കുകയും, അതിനെക്കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള ഷോന ബന്ദ (37) ന്റെ 11-കാരന്‍ മകനെയാണ് അധികൃതര്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയത്. മയക്കുമരുന്നുകള്‍ക്കെതിരെ സ്കൂളില്‍ നടന്ന ഒരു പ്രദര്‍ശനത്തില്‍ കുട്ടി പങ്കെടുക്കാന്‍ താല്പര്യം ഇല്ലെന്ന് പറഞ്ഞതിനാണ് സ്കൂളില്‍ നിന്ന് പുറത്താക്കിയത്. കൂടാതെ ഇവരുടെ വീട്ടിലെ പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ കഞ്ചാവു ചെടിയും, കഞ്ചാവ് എണ്ണയും പിടിച്ചെടുത്തു. അനധികൃതമായി കഞ്ചാവ് സൂക്ഷിച്ചതിന് ഇവര്‍ക്കെതിരെ കേസ് ചാര്‍ജുചെയ്തിട്ടുമുണ്ട്.
വര്‍ഷങ്ങളായി ക്രോണ്‍സ് രോഗത്തിന് (Crohn’s, where the body’s immune system attacks the gastrointestinal system, causes pain, diarrhea, menstrual problems, lack of appetite and fatigue)അടിമയായിരുന്നു ഇവര്‍. 2000-ല്‍ ആയിരുന്നു ഇവര്‍ക്ക് ഈ രോഗം കണ്ടുതുടങ്ങിയത്. പുറത്ത് കിട്ടാവുന്ന സകല മരുന്നുകളും ഇവര്‍ പരീക്ഷിച്ചെങ്കിലും ഒന്നിനും ഫലമുണ്ടായില്ലെന്നും മാത്രമല്ല ഇവര്‍ക്ക് ബെഡ്ഡില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തന്നെ പറ്റാതായി. തുടര്‍ന്ന് 2009-ല്‍ ഒരു സുഹൃത്തിന്റെ ഉപദേശം കേട്ട് ഇവര്‍ കഞ്ചാവ് മരുന്നായി ഉപയോഗിക്കുകയും രോഗത്തിന് വിടുതല്‍ ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ കഞ്ചാവ് മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അനുവദിക്കണമെന്നുള്ള പ്രവര്‍ത്തങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ചത്.
അമേരിക്കയില്‍ പല സംസ്ഥാനങ്ങളിലും ഔഷധമായി കഞ്ചാവ് ഉപയോഗം അനുവദിച്ചിട്ടുണ്ടെങ്കിലും കാന്‍സാസില്‍ ഇത് ശിക്ഷാര്‍ഹമാണ്. ഭര്‍ത്താവില്‍ നിന്ന് അകന്നുകഴിയുകയണിവര്‍. കുട്ടിയെ തിരികെ ലഭിക്കുന്നതിനായി ഇവര്‍ കോടതിയില്‍ കേസ് നടത്തുന്നു.