മോപ് അപ് അലോട്‌മെന്റിൽ 7412 പേർ അയോഗ്യർ ; കോടതിയെ സമീപിക്കുമെന്ന് വിദ്യാർത്ഥികൾ

തിരുവനന്തപുരം: മോപ് അപ് അലോട്‌മെന്റിൽ നിലവിൽ പ്രവേശനം ലഭിച്ചവർക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരേ വിദ്യാർഥികൾ കോടതിയെ സമീപിക്കും. സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നടക്കുന്ന മോപ് അപ് അലോട്‌മെന്റിലാണ് 7412 വിദ്യാർഥികൾ അയോഗ്യരാണെന്നാണ്‌ പ്രവേശന പരീക്ഷാ കമ്മിഷണർ പ്രഖ്യാപിച്ചത്. നീറ്റ് റാങ്ക് 47 മുതലുള്ള കുട്ടികൾ ഇക്കൂട്ടത്തിലുണ്ട്. 1000-ൽ താഴെയുള്ള റാങ്ക് ലഭിച്ച് 49 വിദ്യാർഥികളുണ്ട്.

സ്വാശ്രയ മെഡിക്കൽ കോളേജുകളിലും അഖിലേന്ത്യാ ക്വാട്ടവഴി കേരളത്തിനു പുറത്തുള്ള കോളേജുകളിലും പ്രവേശനംനേടിയ വിദ്യാർഥികളാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. അഖിലേന്ത്യാ കൗൺസിലിങ്, സംസ്ഥാന കൗൺസിലിങ് എന്നിവയുടെ രണ്ടാംറൗണ്ടുവരെ പ്രവേശനം നേടിയ വിദ്യാർഥികളെ മോപ് അപ് അലോട്‌മെന്റിന് പരിഗണിക്കേണ്ടതില്ലെന്നാണ് പ്രവേശനപരീക്ഷാ കമ്മിഷണറുടെ തീരുമാനം.

Loading...

എന്നാൽ മോപ് അപ് പ്രവേശനത്തിന് അയോഗ്യത കല്പിച്ച നടപടി മെറിറ്റ് അട്ടിമറിക്ക് കാരണമാകുമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. നിലവിൽ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളെക്കാൾ കുറഞ്ഞ റാങ്കുകാർക്ക് സർക്കാർ കോളേജുകളിൽ ഒഴിവുള്ള എം.ബി.ബി.എസ്., ബി.ഡി.എസ്. സീറ്റുകൾ ലഭിക്കുന്ന സ്ഥിതിയാണ് വരുക. ഏഴുലക്ഷംവരെ വാർഷികഫീസ് നൽകി സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ ഉയർന്ന റാങ്കുകാർ മോപ് അപ് കൗൺസിലിങ് വഴി സർക്കാർ കോളേജുകളിലേക്ക് മാറാൻ അവസരം പ്രതീക്ഷിച്ചിരുന്നു.