സൗദിയില്‍ കൊറോണ ബാധിച്ച മലയാളി നഴ്‌സിന്റെ ആരോഗ്യനിലയില്‍ പുരോഗതി

മനാമ: സൗദിയില്‍ കൊറോണ ബാധിച്ച മലയാളി നഴ്‌സിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ നില തൃപ്തികരമാണെന്നും ഇപ്പോള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.അസീർ പ്രവിശ്യതലസ്ഥാനമായ അബഹയിലെ സ്വകാര്യ ആശുപത്രിയിൽ നേഴ്‌സായ കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയിലാണ്‌ വൈറസ് ബാധ കണ്ടെത്തിയത്. ഇവരെ പിന്നീട് അസീർ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നൂറിലധികം മലയാളി നേഴ്‌സുമാരുള്ള ആശുപത്രിയിലെ ഫിലിപ്പിനോ സ്വദേശിയായ നേഴ്‌സിനെ പരിചരിക്കവെ ഏറ്റുമാനൂർ സ്വദേശിക്കും വൈറസ്‌ ബാധയുണ്ടായതായാണ്‌ പ്രാഥമികനിഗമനം. ഒരേ യൂണിറ്റിലുള്ള 56 മലയാളി നേഴ്‌സുമാരിൽ 30 പേരെയാണ്‌ നിരീക്ഷണ വാർഡിലേക്ക്‌ മാറ്റിയത്‌.
നിരീക്ഷണത്തിലുള്ളവരിൽ വൈറസ്‌ കണ്ടെത്തിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഏഴുപേർ ഒഴികെ ജോലിയിൽ പ്രവേശിച്ചു. വൈറസ് ബാധ സംബന്ധിച്ച്‌ സൗദി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ആരും നിരീക്ഷണത്തിലില്ലെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വൃത്തങ്ങൾ അറിയിച്ചു.

Loading...

അതേസമയം, മലയാളി നേഴ്‌സുമാരെ മതിയായ സൗകര്യങ്ങൾ ഇല്ലാതെ ഒറ്റമുറിയിൽ അടച്ചിട്ടിരിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്‌. നേഴ്‌സുമാർ റിയാദിലെ ഇന്ത്യൻ എംബസിയിൽ പരാതിപ്പെട്ടു. സംസ്ഥാന സർക്കാർ നിർദേശപ്രകാരം റിയാദിലെ ഇന്ത്യൻ സ്ഥാനപതിയുമായി നോർക്ക ബന്ധപ്പെട്ടു.

പ്രദേശത്തെ മലയാളി പ്രവാസിസംഘടനകളായ അസീർ പ്രവാസിസംഘം, ജല ജിസാൻ പ്രവർത്തകർ ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കുന്നുണ്ട്‌. ആശങ്കപ്പെടേണ്ടതില്ലെന്നും വൈറസ്‌ പടരുന്നത്‌ തടയാനാണ്‌ നേഴ്‌സുമാരെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

സൗദി അറേബ്യയിൽ മലയാളി നേഴ്‌സുമാർക്ക്‌ കോറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായിക്കണ്ട് നടപടി സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. വൈറസ്‌ ബാധയുള്ളവർക്ക് വിദഗ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്താൻ സൗദി സർക്കാരുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.