സാനിറ്റൈസറുകള്‍ക്കും മാസ്കിനും വില കൂട്ടി; അഞ്ച് മെഡിക്കല്‍ ഷോപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന സാനിറ്റൈസറുകളും മാസ്കുകളും അനധികൃതമായി വില വര്‍ധിപ്പിച്ച്‌ വിറ്റതിന് അഞ്ച് മെഡിക്കല്‍ ഷോപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ശനിയാഴ്ച രണ്ടു മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ നടപടി എടുത്ത അധികൃതര്‍ തൊട്ടടുത്ത ദിവസം മൂന്നു ഷോപ്പുകളുടെ കൂടി ലൈസന്‍സ് റദ്ദാക്കുകയായിരുന്നു.

നഗരത്തില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗാസിയാബാദ് ഭരണകൂടം ആരോഗ്യ, ശുചിത്വ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ‘നഗരത്തിലെ ചില മെഡിക്കല്‍ ഷോപ്പുകളില്‍ അവശ്യവസ്തുക്കള്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് പരിശോധന നടത്തിയത്. ജനങ്ങള്‍ക്ക് ഈ വസ്തുക്കള്‍ അത്യാവശ്യമായിരിക്കെ മനപൂര്‍വം വില കൂട്ടി വില്‍ക്കുന്നത് മുതലെടുപ്പാണ്. ഇത്തരം പ്രവണതക്കെതിരെ കര്‍ശന ജാഗ്രത പാലിക്കുന്നുണ്ട്. മെഡിക്കല്‍ ഷോപ്പുകളില്‍ പരിശോധന തുടരും. ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ കൂടുതല്‍ നടപടിയെടുക്കും.’ – ഗാസിയാബാദിലെ ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) അജയ് ശങ്കര്‍ പാണ്ഡെ പറഞ്ഞു.

Loading...

സാനിറ്റൈസറുകള്‍ക്കും മാസ്കുകള്‍ക്കും കുത്തനെ വില കൂടിയതായി പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കടകളില്‍ ഉടനടി പരിശോധന നടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. വില കൂട്ടി വില്‍ക്കുന്നതു കൊണ്ട് തന്നെ കടയുടമകള്‍ ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. മെഡിക്കല്‍ ഷോപ്പുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കില്‍ മജിസ്‌ട്രേറ്റ് ഓഫീസിനെ സമീപിക്കണമെന്ന് ജില്ലാ ഭരണകൂടം നാട്ടുകാരോട് അഭ്യര്‍ഥിച്ചു.