ചെറുകഥ

തിവുപോലെ വിന്‍ഡോ സീറ്റില്‍ തന്നെ! ട്രെയിനില്‍ ആണെങ്കില്‍ വാതിലിലും ബസ്സിലാണെങ്കില്‍ സൈഡ് സീറ്റും ആണ് അയാള്‍ക്ക് ഇഷ്ടം! വിമാനം ചെരിഞ്ഞു പറക്കാന്‍ തുടങ്ങി. അടിവയറ്റില്‍ ചെറിയോരു ആളല്‍! സീറ്റ്‌ മുന്നോട്ടു നീക്കി, വിന്‍ഡോയുടെ അടുത്തേക്ക്‌ നീങ്ങി ഇരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച്ച! ഇതുവരെയും പഞ്ഞിക്കെട്ടുകള്‍ പോലെയുള്ള വെള്ളിമേഘങ്ങള്‍ കണ്ട് മടുത്ത കണ്ണുകള്‍ക്ക്‌ താഴെ പ്രത്യക്ഷമായ ഇടതൂര്‍ന്ന പച്ചപ്പും അനകോണ്ടയെ പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന നദിയും ഒരു ഗൂഗിള്‍ ചിത്രത്തെപ്പോലെ തോന്നിച്ചു! എത്ര കണ്ടാലും മതിവരാത്ത കാഴ്ച്ച.

Loading...

ഡിംഗ് … ഡോംഗ്!!
ലേഡീസ്‌ & ജെന്റില്‍മെന്‍, വെല്‍ക്കം റ്റൂ കാലിക്കറ്റ്‌ എയര്‍പോര്‍ട്ട്‌. ലോക്കല്‍ ടൈം ഈസ്‌ നൈന്‍ ഏഎം ആന്‍ഡ്‌ ഔട്ട്‌ സൈഡ് ടെമ്പെറേച്ച്വര്‍ ഈസ്‌ 35 ഡിഗ്രി സെന്റിഗ്രേഡ്! ഫോര്‍ യുവര്‍ സേഫ്റ്റി & കംഫര്‍ട്ട്, വീ ആസ്ക് റ്റൂ റിമൈന്‍ സീറ്റഡ്……. ….!

അനൌണ്‍സ്മെന്റ് കഴിയുന്നതിന് മുന്നേ തന്നെ സീറ്റ്‌ ബെല്‍റ്റും ഊരിയെറിഞ്ഞ് ഒട്ടു മിക്കവാറും ആളുകള്‍ ചാടിയെണീറ്റു! തലക്ക് മുകളില്‍ നിന്നും മറ്റുള്ളവന്റെ ലഗേജ് തള്ളിമാറ്റി തന്‍റെ മാത്രം വലിച്ചെടുക്കുന്ന തിരക്കിലായിരുന്നു പലരും. അത് വരെയുണ്ടായിരുന്ന അടുപ്പമൊന്നും പലര്‍ക്കും ഇല്ല! മൊബൈല്‍ റിങ്ങിന്റെയും മെസേജ് ബഹളങ്ങള്‍ക്കുമിടയില്‍ മുഖത്ത് യാതൊരു ഭാവമാറ്റമില്ലാതെ എയര്‍ഹോസ്റ്റസ് പറഞ്ഞുകൊണ്ടേയിരുന്നു! ‘എക്സ്യൂസ്മീ.. പ്ലീസ്‌ ബീ സീറ്റഡ്!’ ആര് കേള്‍ക്കാന്‍?

‘അലോ….അലോ..! ട്യേയ്.. ദാ.. ദിപ്പെര്‍ങ്ങ്യെള്ളൂന്നേയ്! പയിഞ്ചു മിന്റ്റ് ലേറ്റ ഈ സാധനം! ഏഏഏ…? ആആ..! സ്പ്രേ ണ്ട്, ക്രീമും ണ്ട്രീ! ആരോക്ക്യാ ള്ളെ കൂടെ? മക്കള് ണ്ടോ? എന്തിനാപ്പോ അവറ്റോള്‍ടെ ഇസ്കൂള് കളഞ്ഞേ? ആര്ട്യാ വണ്ടി?’

‘ഡോ! ഇയ്യാള് അങ്ങടന്ന്യെല്ലേ പോണേ? പിന്നെന്തൂട്ട്നാ ദിങ്ങനെ ഓളി ഇടണേ? പൈനഞ്ചു മിന്‍റ്റ് ലേറ്റാത്രേ! ഈ സാദനം കീപ്പട്ട് പോവാണ്ടേ അങ്ങേര് ഇവിടം വരെ എത്തിച്ചല്ലോ? അയിന് ദൈവം തമ്പ്രാനോട് “ടാങ്ക്യൂ” പറ!’ ഒരു വിരുതന്റെ കമന്റ് ഫ്ലൈറ്റില്‍ ചിരി പടര്‍ത്തിയതോടൊപ്പം അയാളുടെ ഫോണ്‍ വിളിയും അവസാനിപ്പിച്ചു!

തനിക്കും പുറത്തിറങ്ങാന്‍ ധൃതി ഇല്ലാതെയല്ല! ഏതായാലും ഈ പൂരത്തിരക്കൊന്നു കഴിയട്ടെ! ആരെയും കുറ്റം പറയാന്‍ വയ്യ! ആഗ്രഹങ്ങളും അഭിലാഷങ്ങളുമല്ലേ ഉള്ളിലും വെളിയിലും? അക്ഷമരായ ആളുകളുടെ വരി പതുക്കെ നീങ്ങിത്തുടങ്ങിയപ്പോള്‍ യന്ത്രപ്പാവകളെപ്പോലെ കൈകൂപ്പി “താങ്ക്യൂ ..കം എഗൈന്‍” ഉരുവിട്ടുകൊണ്ടിരുന്ന എയര്‍ഹോസ്റ്റസ്സുമാരെ കടന്ന് അയാളും അവരില്‍ ഒരാളായി!

————–
‘ശ്രീയേട്ടാ! എന്താ വിശേഷം?” തലമുടിയിലും നേര്‍ത്ത വരപോലുള്ള പ്രേംനസീര്‍ മോഡല്‍ മീശയിലും ചെമ്പിച്ച രോമങ്ങള്‍ തെളിഞ്ഞു കണ്ടു. ഡൈ ചെയ്തില്ലെന്ന് തോന്നുന്നു! പണ്ട് തന്റെ വീട്ടിലെ വണ്ടി ഓടിച്ചിരുന്നു ശ്രീയെട്ടന്‍. ഇപ്പോള്‍ മക്കളൊക്കെ വലുതായി, സ്വന്തം വണ്ടിയും.

“മ്മ്ക്ക് കുന്ന്വോളം വഴി പൂവാട്ടോ! ഒരു കൂട്ടുകാരന്‍റെ വീട്ടീ പോണം. നമ്മടോട്ക്ക് അവ്ട്ന്നു കേച്ചേരി വഴി കേറാലോ’.

‘വീട്ടില്‍ എല്ലാരും വൈറ്റ്‌ ചെയ്യ്വേല്ലേ കുട്ട്യേ ” ഏസി ഒന്നുകൂടി കൂട്ടിയിട്ട് ശ്രീധരന്‍ ചോദിച്ചു.

‘അത് സാരല്ല്യ.. അര മണിക്കൂറല്ലേ? ഒരു കവര്‍ കൊടുക്ക്വാണ്ട്, പിന്നെക്കല്‍ക്ക് വെച്ചാ ശര്യാവില്ല്യ!’

വലിയ ബാഗില്‍ നിന്നും രണ്ടു സ്പ്രേ, പൌഡര്‍, സോപ്പ്‌, ക്രീം പിന്നെ കുറച്ചു മിട്ടായിയും എടുത്ത് വേറെ ഒരു കവറിലാക്കി. ശ്രീയേട്ടന്‍ പിന്നെയും എന്തൊക്കെയോ നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ഏസിയുടെ തണുപ്പില്‍ അയാളുടെ കണ്ണുകള്‍ പതുക്കെ കണ്ണുകള്‍ അടഞ്ഞു.

വിസയുടെ കാലാവധി കഴിയാറായിരുന്നു, കയ്യിലെ പൈസയും! മൂന്നാമത്തെ ഇന്റര്‍വ്യൂ കഴിഞ്ഞ് റൂമിലേക്കുള്ള നടത്തത്തിനിടയിലാണ് കുറച്ചു വെള്ളം കുടിക്കാനായി ആ “ബൂഫിയയില്‍” കയറിയത്! കൊടുംചൂടില്‍ ഏസിയുടെ തണുപ്പില്‍ കുറച്ചു നേരം ഇരിക്കുകയും ചെയ്യാമല്ലോ? ചെറുതെങ്കിലും നല്ല വൃത്തിയുള്ള അന്തരീക്ഷം. ‘ചന്ദ്രിക’ യുടെയും മുഷിഞ്ഞ് കീറിത്തുടങ്ങിയ ഒരു യത്തീംഖാനയുടെയും കലണ്ടറുകള്‍ ചുമരില്‍ തൂങ്ങിക്കിടന്നിരുന്നു.

‘ഏസ് സാര്‍! വാട്ട് വാണ്ട് സാര്‍?’ ടൈയും ഡ്രസ്സിങ്ങും കണ്ടാവണം നിസ്കാര തയമ്പും പഞ്ഞിത്താടിയും നിറഞ്ഞ ചിരിയുമായി ഖാദര്‍ക്ക ഇന്ഗ്ലീഷില്‍ ചോദിച്ചത്!Sirus

‘കുടിക്ക്യാന്‍ കുറച്ച് വെള്ളം തരോ!’

വലിയ ചില്ല് ഗ്ലാസില്‍ നീട്ടിയ വെള്ളം നിന്ന നില്‍പ്പില്‍ തന്നെ കുടി തുടങ്ങിയപ്പോള്‍ ഖാദര്‍ക്ക പറഞ്ഞു. ‘ജ്ജബ്ടെ കുത്തീര്‍ന്ന്‍ കുടിക്ക്യെന്റെ ബനേ..! ബല്ലോം കഴിച്ചക്ക്ണജ്ജ്?’

തലേന്ന് രാത്രി കുബ്ബൂസ് കഴിച്ചതാണെങ്കിലും വേണ്ട എന്നര്‍ത്ഥത്തില്‍ തലയാട്ടി. “ഞാന്‍ കഴിച്ചതാ..! ഇച്ചിരെ നേരം ഇവടെ ഇരിക്കട്ടെ?”

‘അയ്ന്പ്പോന്താ? ഇജ്ജ്‌ കുത്തിര്‍ക്ക്! ഇയ്ക്ക് അടുക്കളേ തോനെ പണിണ്ട്!’

കസേരയില്‍ ഒന്ന് ചാരിയിരുന്നതെ ഓര്‍മ്മയുള്ളൂ! തല ചുറ്റുന്നത് പോലെ തോന്നി, വെള്ളം ഒറ്റ വലിക്ക് കുടിച്ചത് കൊണ്ടാവണം. മുഖത്ത് വെള്ളത്തുള്ളികള്‍ തെറിച്ചു വീണപ്പോഴാണ് ഞെട്ടി എണീറ്റത്.

“ന്താ മാനെ? ന്ത്ത്താ അനക്ക്?” വൃദ്ധന്‍റെ മുഖത്തെ പരിഭ്രമം കണ്ട് ഒരു കുറ്റബോധം തോന്നി.

ഓംലെറ്റും വെച്ച് കുബ്ബൂസ് സാന്റ്റ്വിച്ചും ജ്യൂസും തന്നതിന് ശേഷമാണ് നുണ പറഞ്ഞതിനുള്ള ചീത്തവിളി തുടങ്ങിയത്, അച്ഛന്‍ കിടപ്പിലായതും, കിടപ്പാടം പണയപ്പെടുത്തി ഗള്‍ഫിലേക്ക്‌ തിരിച്ചതും നിറകണ്ണുകളോടെ പറഞ്ഞത് മുഖത്ത് പ്രത്യേകിച്ച് യാതൊരു വികാരവും ഇല്ലാതെ ഖാദര്‍ക്ക കേട്ടിരുന്നു.

“ആയ്ച്ചക്ക് ആയ്ച്ചക്ക് തോന ചെക്കമ്മാര് ഈ ബയിത്താലെ ബരും! ഓര്ടെ തൌദാരം കേട്ട് കേട്ട് തയമ്പിച്ചക്ക്ണ്! ഞമ്മള് ഇസ്കൂളിലൊന്നും പോയില്ല്യ! ന്നാലും ആവ്ത്‌ള്ള പോല്യൊക്കെ ചെയ്യാറ് ണ്ട്. ന്‍റെ മാള്‍ടെ കുട്ടി ണ്ട്! ഓള് നല്ലണം പടിക്ക്വേയ്!’ ഓളെ ഒര് ഇഞ്ചിനീറാക്കണം!’ പിന്നെയും ആ നിറഞ്ഞ ചിരി!

‘അല്ലാ… അനക്ക് എന്ത് പണ്യാപ്പോ അറിയാ?’

“ഡിഗ്രി ഫസ്റ്റ് ക്ലാസില് പാസായതാ ഇക്കാ!” പക്ഷെ എന്ത് ജോലി ആയാലും മതി!

‘അപ്പറത്തെ കമ്പനീലെ സായ്പ്പിന് ഇന്നലെ ചായ കൊണ്ടോയപ്പോ ഒരാളെ വേണംന്ന്‍ പറഞീനീ! ഇജ്ജ് ഈ നംബ്രില് ഒന്ന് കുത്തി നോക്കിക്കാ… ചെലപ്പൊ വെല്ല്യെ ജോല്യോന്ന്വാവില്ല്യ’

റബ്ബര്‍ ബാന്‍ഡ്‌ ചുറ്റിയ ഒരു മൊബൈല്‍ പോക്കറ്റില്‍ നിന്നും എടുത്ത് കൈ പുരികത്തിന് മുകളില്‍ വെച്ച് നമ്പര്‍ തിരയാന്‍ തുടങ്ങി ഖാദര്‍ക്ക. കിട്ടിയ കച്ചിത്തുരുമ്പ് കളഞ്ഞില്ല! പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും സായിപ്പിനെ വിളിച്ച് അപ്പോയിന്റ്മെന്റ് ഫിക്സ് ചെയ്തു. ഓഫീസ് ബോയിയുടെ ഒഴിവിലേക്കായിരുന്നു ഇന്റര്‍വ്യൂ. എങ്കിലും യോഗ്യതകള്‍ കണ്ട് ടെമ്പററി അഡ്മിനിസ്ട്രെഷന്‍ അസ്സിസ്റ്റന്റ് ആയി നിയമനം കിട്ടി! പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കമ്പനിയില്‍ മാനേജരായി.

താമസം ഖാദര്‍ക്കാടെ കൂടെ തന്നെ ആയിരുന്നു. പിന്നീട് കമ്പനി ഫ്ലാറ്റിലേക്ക് താമസം മാറിയത് ഖാദര്‍ക്കാടെ നിര്‍ബന്ധം മൂലമായിരുന്നു എങ്കിലും ഭക്ഷണം കൂടെ തന്നെ. വളര്‍ച്ചയുടെ പാതയില്‍ നോട്ടുകെട്ടുകളും കൂട്ടുകെട്ടുകളും കൈവന്നപ്പോള്‍ ആഴ്ചയില്‍ ഒരിക്കലായി പോക്ക്, പിന്നെ മാസത്തിലും! പിന്നെ……….. !

ജബ്ബാര്‍ പറഞ്ഞാണ് വിവരം അറിഞ്ഞത്. ബൂഫിയ തുറക്കാന്‍ വൈകിയപ്പോള്‍ റൂമില്‍ പോയി നോക്കിയതാണത്രെ! തന്നെ കട്ടിലില്‍ കിടത്തി തറയില്‍ കോസടി വിരിച്ച് കിടക്കുമായിരുന്ന അതേ കോസടിയില്‍ ചലനമറ്റ ആ ശരീരം കിടന്നിരുന്നു. അപ്പോഴും ചിരിമായാത്ത ആ മുഖത്ത് ഒന്നേ നോക്കിയുള്ളൂ. താന്‍ ചെയ്ത നന്ദികേടോര്‍ത്ത് തല കുനിഞ്ഞുപോയി! ഖബറടക്കം ഇവിടെ തന്നെ നടത്തി!

‘കുട്ട്യേ..! വണ്ടി ഇനീം അങ്ങട്ട്‌ പോവില്ലാട്ടോ’ ശ്രീയെട്ടന്റെ ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്.

കവര്‍ കയ്യിലെടുത്ത് ഇടവഴിയിലൂടെ നടന്നു. മണ്ണിന്‍റെ ഇഷ്ടിക അവിടവിടെയായി അടര്‍ന്നുവീണ, ഓട് മേഞ്ഞ ആ കൂരക്ക് മുന്നില്‍ ഒരു നിമിഷം അയാള്‍ എന്തോ ഓര്‍ത്തു നിന്നു. പൊട്ടിപ്പൊളിഞ്ഞ തിണ്ണയില്‍ നെഞ്ചുന്തി വയര്‍ ചാടിയ ഒരു പെണ്‍കുട്ടിയുടെ എണ്ണമയം കാണാത്ത മുടിയില്‍ എന്തോ പരതുന്നു ഒരു വല്ലിമ്മ! ഖാദര്‍ക്കാടെ ബീവി ആയിരിക്കണം! പണ്ടെങ്ങോ കാണിച്ചു തന്ന ഫോട്ടോയുടെ അകന്ന സാമ്യം!

ആ പെണ്‍കുട്ടി മുഖത്തേക്കും കയ്യിലെ കവറിലേക്കും മാറി മാറി നോക്കി. പേന്‍ നോക്കല്‍ നിറുത്തി വെല്ലിമ്മ പുരികത്തിന് മുകളില്‍ കൈകള്‍ വെച്ച് ചോദിച്ചു.
“ഹ്ഹാരാ? ഇജ്ജ്‌ എബ്ട്ന്നാ മാനെ?”

‘ഞാന്‍ ഖാദര്‍ക്കാടെ ഒരു പരിചയക്കാരനാ ഉമ്മാ..! ഖത്തറീന്നാ..’

കുഴിയിലാണ്ട ആ കണ്ണുകളില്‍ വെള്ളം നിറഞ്ഞു. തലയിലെ തട്ടമെടുത്തു കണ്ണുകള്‍ തുടച്ച് അതുകൊണ്ട് തന്നെ തിണ്ണ ഒന്ന് തൂത്ത് അവര്‍ പറഞ്ഞു. ‘കുത്തിര്‍ക്കീന്‍ മാനെ..!’ ആ പെണ്‍കുട്ടിയെ ചേര്‍ത്തുനിര്‍ത്തി അവര്‍ പറഞ്ഞു തുടങ്ങി………….!

തന്റേയും അതുപോലെ മറ്റനേകം പേരുടെയും ജീവിതത്തിലേക്ക് വെളിച്ചം വീശിയ ആ നല്ല മനുഷ്യന്‍റെ കുടുംബം വറുതിയുടെ തീരാക്കയത്തിലാണ്. മരുമകന്‍ ഉപേക്ഷിച്ചുപോയ മകള്‍ ജമീലയും രണ്ടു പെണ്മക്കളും! അവര്‍ രണ്ടു പേരും വീട്ടുജോലിയെടുത്തു കിട്ടുന്നത് കൊണ്ട് വേണം കുടുംബം കഴിയാന്‍.

‘ദുഷ്ടന്‍!’ ഞെട്ടിപ്പോയി! മരുമകനെയാണ് ഉദേശിച്ചത് എങ്കിലും കൊണ്ടത്‌ തന്റെ നെഞ്ചില്‍ തന്നെ!

‘ഓര് ഹയാത്തോടെ ണ്ടാര്‍ന്നപ്പോ നല്ല മൊഹബ്ബത്താര്ന്ന്‍ ന്‍റെ ജമീലാടും മക്കളോടും…! വെല്ലിമ്മ നെടുവീര്‍പ്പിട്ടു.

‘എന്താ മോള്‍ടെ പേര്?’

നാണത്തോടെ അവള്‍ പറഞ്ഞു… ‘ഉമ്മുകുത്സു’

കയ്യിലിരുന്ന കവര്‍ ഉമ്മുവിന്റെ കയ്യില്‍ കൊടുത്ത് അയാള്‍ തിരിഞ്ഞു നടന്നു.

‘ഒര് ചായീന്റെ ബെള്ളം കുട്ച്ചില്ല്യാലോ റബ്ബേ….!’

നിറഞ്ഞ കണ്ണുകള്‍ തിരിഞ്ഞുനോക്കാന്‍ അനുവദിച്ചില്ല. ‘ഞാന്‍ ഇനീം വരാം ഉമ്മാ..!’

ഒരു മണിക്കൂര്‍ കൂടിയുണ്ട് വീട്ടിലെത്താന്‍. കാറിലെ നിശബ്ദത ഭേദിച്ച് അയാള്‍ വിളിച്ചു.. ‘ശ്രീയേട്ടാ…!’ ‘ഈ വീട് ഓര്‍മ്മേല് ണ്ടല്ലോ ല്ലേ? പൈസ ഞാന്‍ എല്ലാ മാസവും അയച്ചു തരാം. കുറച്ച് അരീം സാധനങ്ങളും മുടങ്ങാതെ ഇവിടെ എത്തിക്കണം.’ ശ്രീധരന്‍ തലകുലുക്കി!

‘അയ്യോ… ഗേറ്റ് അടച്ചൂലോ കുട്ട്യേ! ഇന്യെപ്ലാവ്വ്വോ വണ്ടി വരണേ? വണ്ടി പോയാ തന്നെ ഈ കുന്തം കേടാവാതെ തുറന്നാ മത്യാരുന്നു!

സ്കൂള്‍ യൂണിഫോം ധരിച്ച രണ്ടു കുട്ടികള്‍ ഭാരമേറിയ ബാഗും തോളില്‍ തൂക്കി ട്രെയിന്‍ വരുന്നതിന് മുന്നേ ഗേറ്റിന് അപ്പുറത്തെത്താന്‍ ഓടുന്നുണ്ടായിരുന്നു. സ്കൂളില്‍ പോകാന്‍ വൈകിയിരിക്കണം!

കണ്ണടച്ച് കിടക്കുന്നതിനിടയില്‍ ഖാദര്‍ക്കാടെ ശബ്ദം അയാള്‍ വ്യക്തമായി കേട്ടു. “ന്‍റെ മോള്‍ടെ കുട്ടി ണ്ട്! ഓള് നല്ലണം പടിക്ക്വേയ്!’ ഓളെ ഒര് ഇഞ്ചിനീറാക്കണം!’

അകലെ നിന്നും തീവണ്ടിയുടെ ചൂളംവിളി കേട്ടുതുടങ്ങിയിരുന്നു.