അങ്ങിനെ തൃശൂര്‍ പൂരവും വിറ്റു, മേളത്തിനും കോപ്പിറൈറ്റ്

ത്യശ്ശൂര്‍ പൂരം നമ്മള്‍ മലയാളികള്‍ക്ക് ഒരു വികാരമാണ്.ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്,തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള,പഞ്ചവാദ്യ ഘോഷങ്ങളും, ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് അങ്ങനെ മൊത്തത്തില്‍ കളറാണ് നമ്മുടെ പൂരം.ഈ ചടങ്ങുകളില്‍ പൂര പ്രേമികള്‍ക്ക് പ്രിയം പാരമ്പര്യ വാദ്യ കലകളായ ഇലഞ്ഞിത്തറ മേളവും,പഞ്ചാരി മേളവും, പഞ്ചവാദ്യവുമാണ്. എന്നാല്‍ പൂര പ്രേമികള്‍ ഏറെ വിഷമത്തിലും നിരാശയിലും ദേഷ്യത്തിലുമാണ്. അതിന്റെ കാരണം ഒരു മലയാളിക്കും ഉള്‍ക്കൊള്ളാനാകാത്തതാണ്.

കേരളത്തിന്റെ പാരമ്പര്യ വാദ്യകലകളായ ഇലഞ്ഞിത്തറ മേളവും പാഞ്ചാരി മേളവും പഞ്ചവാദ്യവും സോണി ഗ്രൂപ്പിന് വിറ്റു.ഇനിമുതല്‍ ഈ മേളങ്ങളുടെ ഓണ്‍ലൈന്‍ റൈറ്റ് സോണി ഗ്രൂപ്പിന് മാത്രം അവകശപ്പെട്ടതായിരിക്കും. ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടി അഭിനയിച്ച പുതിയ സിനിമയായ ‘ദി സൗണ്ട് സ്റ്റോറി’യിലൂടെയാണ് മേളങ്ങളുടെ ഓഡിയോ റൈറ്റ് സോണി ഗ്രൂപ്പിന് പോയിരിക്കുന്നത്.

റസൂല്‍ പൂക്കുട്ടി നായകനായ ചിത്രത്തിന് വേണ്ടി ഇലഞ്ഞിത്തറ മേളം, പഞ്ചാരി മേളം, പഞ്ചവാദ്യം എന്നിവ റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ മേളങ്ങള്‍ ചിത്രത്തിന്റെ മറ്റ് ഗാനങ്ങളുടെ കൂടെ ഓഡിയോ ആയി സോണി ഗ്രൂപ്പിന് റൈറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രശാന്ത് പ്രഭാകറും പാംസ്റ്റോണ്‍ മീഡിയയും വില്‍ക്കുകയായിരുന്നു. ഇതോടെ ഫേസ്ബുക്ക്, യൂട്യൂബ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ മേളങ്ങളുടെ വീഡിയോ പങ്കുവെയ്ക്കാന്‍ സാധിക്കാതെയായി. മേളങ്ങള്‍ പോസ്റ്റ് ചെയ്താല്‍ കോപ്പി റൈറ്റ് വയലേഷന്‍ എന്നുകാണിച്ച് സോണി ഗ്രൂപ്പില്‍ നിന്ന് മുന്നറിയിപ്പ് വന്നതോടെയാണ് ഈക്കാര്യം ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങുന്നത്.

ഇതോടെ പൂരങ്ങളും മേളങ്ങളും വീഡിയോ ആയി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന പേജുകള്‍ക്കും പ്രൊഫൈലുകള്‍ക്കും പണികിട്ടിക്കൊണ്ടിരിക്കുകയാണ്. തൃശ്ശൂര്‍ പൂരത്തിന്റെ മേളങ്ങളുടെ വീഡിയോയ്ക്ക് മാത്രമല്ല. മറ്റ് സ്ഥലങ്ങളിലെ മേളങ്ങള്‍ക്കും സമാനമായ അനുഭവം ഉണ്ടാകുന്നുണ്ടെന്ന് തൃശ്ശൂരിലെ എ.ആര്‍.എന്‍ മീഡിയ ഉടമസ്ഥനായ വിനു മോഹന്‍ പറഞ്ഞു.

ഇതിനെതിരെ ചിത്രത്തിലെ നായകനായ റസൂല്‍ പൂക്കുട്ടിയടക്കമുള്ളവര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ തൃശ്ശൂര്‍ പൂരത്തിന്റെ കോപ്പിറൈറ്റ് അവകാശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം. ‘

പൂരത്തിന്റെ ഓണ്‍ലൈന്‍ റൈറ്റ്്് സോണി ഗ്രൂപ്പിന് വിറ്റതിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്്. കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവങ്ങളില്‍ ഒന്നാണ് ത്യശ്ശൂര്‍പൂരം.നമ്മുടെ പാരമ്പര്യ കലകള്‍ എങ്ങിനെയാണ് കോപ്പിറൈറ്റ്്് എടുത്ത് ഒരു കമ്പനി കൊണ്ടുപോകുകയെന്നതാണ് മനസ്സിലാകാത്ത വസ്തുത.