ട്രംപ് വീണ്ടും പ്രസിഡൻ്റായാലും മെലാനിയ ‘ഫുൾ ടൈം’ പ്രഥമവനിതയാകില്ലെന്ന് റിപ്പോർട്ട്

ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡൻ്റായാൽ മുഴുവൻസമയ പ്രഥമവനിതയാകാൻ മെലാനിയ ട്രംപ് ഉണ്ടാവില്ലെന്ന് റിപ്പോർട്ടുകൾ. ഇത്തവണത്തെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മെലാനിയ സജീവമായി പങ്കെടുത്തിരുന്നില്ല. മെലാനിയ ട്രംപ് ദമ്പതികളുടെ മകനായ ബാരോണിൻ്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനായി ന്യൂയോർക്കിൽ തന്നെ തുടരാനാണ് മെലാനിയയുടെ തീരുമാനം എന്നും റിപ്പോർട്ട്. ഇതുസംബന്ധിച്ച് ട്രംപും മെലാനിയയും ധാരണയിലെത്തിയതായും പേജ് സിക്സ് റിപ്പോർട്ട് ചെയ്തു.

മെലാനിയ വൈറ്റ് ഹൗസിൽ നിന്ന് മാറിനിന്നാൽ അത് വൈറ്റ് ഹൗസ് ചരിത്രത്തിലെ തന്നെ ആദ്യസംഭവമായിരിക്കും. 250 വർഷത്തെ പാരമ്പര്യമായിരിക്കും മെലാനിയ ട്രംപ് തിരുത്തിക്കുറിക്കുന്നത്. ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ചാൽ, മെലാനിയ പാം ബീച്ചിനും വൈറ്റ് ഹൗസിനുമായി തൻ്റെ സമയം വീതിക്കും. വൈറ്റ് ഹൗസിലെ ഒഴിവാക്കാനാകാത്ത പരിപാടികളിൽ മാത്രമായിരിക്കും മെലാനിയ പങ്കെടുക്കുക. 2017ലും മെലാനിയ വൈറ്റ് ഹൗസിൽ അഞ്ച് മാസം വൈകിയാണ് താമസിക്കാൻ എത്തിയത്.

Loading...

ബാരോണിൻ്റെ സ്കൂൾപഠനം മുടങ്ങാതിരിക്കാൻ ന്യൂയോർക്കിൽ തന്നെ തുടരുകയാണ് ചെയ്തത്. അധ്യയനവർഷം പൂർത്തിയായതിനുശേഷമാണ് മെലാനിയയും ബാരോണും വൈറ്റ് ഹൗസിലെത്തിയത്. ന്യൂയോർക്ക് സർവ്വകലാശാലയിലായിരിക്കും ബാരോണിൻ്റെ തുടർപഠനം. കോളേജ് പഠനം ആരംഭിക്കുന്ന മകനൊപ്പം സകലപിന്തുണയും നൽകി ന്യൂയോർക്കിൽ തുടരാനാണ് മെലാനിയ ട്രംപ് ആഗ്രഹിക്കുന്നതെന്നും മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു.

ട്രംപ് ആദ്യം രാഷ്ട്രീയത്തിലിറങ്ങിയപ്പോഴും പൊതുവിടത്തിൽ നിന്നും ബാരോണിനെ മെലാനിയ മാറ്റിനിർത്തിയിരുന്നു. റിപ്പബ്ലിക്കൻ ദേശീയ കൺവൻഷനിൽ പങ്കെടുക്കാൻ ഫ്ലോറിഡ റിപ്പബ്ലിക്കൻ പാർട്ടി ബാരോണിന് ഡെലിഗേറ്റ് സ്ഥാനം വാഗ്ദാനം ചെയ്തപ്പോഴും മുൻകൂട്ടി നിശ്ചയിച്ച മറ്റ് പരിപാടികൾ കാരണം പങ്കെടുക്കാനാകില്ലെന്ന് മെലാനിയയുടെ ഓഫീസിൽ നിന്നും അറിയിക്കുകയാണുണ്ടായത്. 2016-ലെ തെരഞ്ഞെടുപ്പുസമയത്ത് നീലച്ചിത്രനടി സ്റ്റോമി ഡാനിയേൽസുമായുള്ള അവിഹിതബന്ധം മറച്ചുവെക്കാൻ ട്രംപ് പണം നൽകിയെന്നതാണ് കേസുമായി ബന്ധപ്പെട്ട് കോടതിയിലോ പത്രസമ്മേളനങ്ങളിലോ മെലാനിയ പങ്കെടുത്തിരുന്നില്ല. ഈ വിവാദം മെലാനിയക്ക് മനപ്രയാസമുണ്ടാക്കിയതായി ട്രംപ് പരസ്യമായി പറഞ്ഞിരുന്നു.