‘ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല’; വിവാഹഫോട്ടോ പങ്കുവെച്ച്‌ പ്രിയദര്‍ശന്‍

മലയാളികളുടെ പ്രിയ നടിയായിരുന്ന ലിസിയും സംവിധായകന്‍ പ്രിയദര്‍ശനും 24 വര്‍ഷത്തെ ദാമ്പത്യ
ജീവിതത്തിനുശേഷമാണ് വിവാഹമോചിതരായത്. കരിയറില്‍ തിളങ്ങിനിന്നിരുന്ന കാലത്താണ് ലിസി സിനിമ വിടുന്നത്. 1990 ഡിസംബര്‍ 13 ന് പ്രിയദര്‍ശനുമായുളള വിവാഹത്തോടെയായിരുന്നു അത്. നീണ്ട ദാമ്പത്യ
ജീവിതത്തിനുശേഷം 2014 ഡിസംബറില്‍ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ച്‌ ചെന്നൈ കോടതിയെ സമീപിച്ചു. സിനിമാ രംഗം ഏറെ ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്.

ഇന്ന് ഡിസംബര്‍ 13, പ്രിയദര്‍ശന്‍-ലിസി വിവാഹ വാര്‍ഷിക ദിനം. വേര്‍പിരിഞ്ഞെങ്കിലും വിവാഹ വാര്‍ഷിക ദിനത്തില്‍ ലിസിയെ ഓര്‍ക്കുകയാണ് പ്രിയദര്‍ശന്‍. ‘ഓര്‍മകള്‍ ഒരിക്കലും മരിക്കില്ല’ എന്ന ക്യാപ്ഷനോടെ തങ്ങളുടെ വിവാഹ തീയതിയും വിവാഹ ഫൊട്ടോയും ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് പ്രിയദര്‍ശന്‍.

Loading...

നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹ ആശംസകള്‍ നേര്‍ന്ന് പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഇരുവരും വീണ്ടും ഒന്നിക്കുന്നത് കാണാനായി കാത്തിരിക്കുന്നുവെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞ ലിസി സിനിമയിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു ഏവരും കരുതിയത്. എന്നാല്‍ കണക്കുകൂട്ടലുകളെ തെറ്റിച്ച്‌ ചെന്നൈയില്‍ ഡബ്ബിങ് സ്റ്റുഡിയോ തുടങ്ങി സിനിമ വ്യവസായത്തിലേക്ക് കടക്കുകയായിരുന്നു ലിസി. സ്റ്റുഡിയോ നോക്കിനടത്തുന്നതു തന്നെയാവും തന്റെ മുന്‍ഗണനയെന്നും വേഷങ്ങള്‍ നല്ലതാണെങ്കില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ലിസി പിന്നീട് പറഞ്ഞിരുന്നു.

2016 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. കല്യാണി, സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍. മകള്‍ കല്യാണി അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ആണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, അര്‍ജുന്‍, സിദ്ദിഖ്, സംവിധായകന്‍ ഫാസില്‍, മുകേഷ്, പ്രഭു എന്നിങ്ങനെ താരനിരയാണ് ചിത്രത്തിലുള്ളത്. 2020 മാര്‍ച്ച്‌ 19നാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുക.

നേരത്തെ ലിസിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ചും പ്രിയദര്‍ശന്‍ എത്തിയിരുന്നു. പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്‍രെ പോസ്റ്റ്. വിവാഹ ഫോട്ടോയും കുറിപ്പും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.