വന്ധ്യതാ ചികിത്സയ്ക്ക് എത്തിയ 29-കാരന്റെ അടിവയറ്റില്‍ പൂര്‍ണ്ണമായി വളര്‍ച്ചയെത്താത്ത സ്ത്രീ ജനനേന്ദ്രിയം

കുട്ടികളില്ലാത്തതിനാല്‍ വന്ധ്യതാ ചികിത്സയ്ക്ക് എത്തിയ യുവാവിന്റെ ശരീരത്തില്‍ മറഞ്ഞിരുന്ന സ്ത്രീ അവയവങ്ങള്‍ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍. മുംബൈയിലെ ഒരാശുപത്രിയിലാണ് 29 കാരനായ യുവാവ് രോഗാവസ്ഥയുമായി ചികിത്സയ്ക്കെത്തിയത്. ആ സമയത്ത് തന്റെ ശരീരത്തില്‍ ഒളിഞ്ഞിരുന്ന അവയവങ്ങളെക്കുറിച്ച്‌ യാതൊരു സൂചനയുമില്ലായിരുന്നു യുവാവിന്.

ചികിത്സയുടെ ഭാഗമായി യുവാവിനോട് സ്‌കാന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്‌കാനിംഗ് റിപ്പോര്‍ട്ട് കണ്ട ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി. യുവാവിന്റെ അടിവയറ്റില്‍ പൂര്‍ണ്ണമായി വളര്‍ച്ച കൈവരിക്കാത്ത സ്ത്രീ ജനനേന്ദ്രിയമുള്ളതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് ഉടനടി ശസ്ത്രക്രിയ നടത്തിയപ്പോഴാണ് അടിവയറിനുള്ളില്‍ ഫലോപ്യന്‍ ട്യൂബ്, ഗര്‍ഭപാത്രം, വളര്‍ച്ചയെത്താത്ത യോനി നാളം എന്നീ അവയവങ്ങള്‍ കൂടി കണ്ടെത്തിയത്. പെര്‍സിസ്റ്റന്റ് മുള്ളേറിയന്‍ ഡക്‌ട് സിന്‍ഡ്രോം എന്നാണ് ഈ ശാരീരികാവസ്ഥ അറിയപ്പെടുന്നത്. ജീനുകളില്‍ ഉണ്ടാകുന്ന മാറ്റമൂലമാണ് ശരീരത്തില്‍ ഈ അവസ്ഥയുണ്ടാകുന്നത്. ലോകത്തില്‍ ഇതുവരെ 200 ഓളം കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Loading...

ശസ്ത്രക്രിയയിലൂടെ എല്ലാ സ്ത്രീ അവയവങ്ങളും നീക്കം ചെയ്തെങ്കിലും യുവാവിന് കുട്ടികളുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കാരണം ഇയാളുടെ ശരീരത്തില്‍ ബീജോത്പാദനം നടക്കുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.