മെറിൻ വഞ്ചിച്ചെന്നാണ് ഫിലിപ്പ് പോലീസിന് നൽകിയ മൊഴി: ഫിലിപ്പ് ലഹരിക്ക് അടിമയാണെന്നും സ്ഥിരം മദ്യപാനിയാണെന്നുമുള്ള ആരോപണങ്ങൾ തീർത്തും തെറ്റാണ്: സുഹൃത്തിന്റെ വെളിപ്പെടുത്തൽ

മലയാളികൾ കഴിഞ്ഞ ദിവസം പുലർച്ചെ ഏറെ ഞെട്ടലോടെ കേട്ട വാർത്തയാണ് കോട്ടയം കാരിയായ മെറിന്റെ കൊലപാതകം. മെറിന്റെ ഭർത്താവ് നിവിൻ എന്ന ഫിലിപ്പ് മാത്യുവാണ് മെറിനെ ക്രൂരമായി കൊന്നത്. ഫിലിപ്പ് മാത്യുവിന്റെ സുഹത്ത് ഫിലിപ്പിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. മെറിനെ കാണാൻ പോകുന്നതിന് മുമ്പ് ഭർത്താവ് ഫിലിപ്പ് മാത്യു സുഹൃത്തുക്കളോട് വിളിച്ച് പറഞ്ഞതിങ്ങനെയായിരുന്നു. എല്ലാം സംസാരിച്ച് തീർക്കണം, ഇനി ഒരുമിച്ച് ജീവിക്കണമെന്നായിരുന്നു. എന്നാൽ ഫിലിപ്പ് മെറിനെ എന്തിന് കൊന്നുവെന്നോ എന്തായിരുന്നു പെട്ടന്നുള്ള പ്രകോപനത്തിന് കാരണമെന്നോ അവർക്ക് അറിയില്ല. ഈ കൊലപാതകത്തിന്റെ വാർത്ത അവരും ഞെട്ടലോടെയാണ് കേട്ടത്. ഫിലിപ്പും മെറിനും 2016 ജൂലായ് 30-നാണ് വിവാഹിതരാകുന്നത്.

Loading...

ഫിലിപ്പിന്റെ മാതാപിതാക്കൾ ഏറെനാളായി അമേരിക്കയിലാണ് താമസം. അതിനാൽ തന്നെ പ്ലസ്ടു പഠനം നാട്ടിൽ പൂർത്തിയാക്കിയതിന് പിന്നാലെ ഫിലിപ്പ് അമേരിക്കയിലെ മാതാപിതാക്കളുടെ അടുത്തേക്ക് പോയിരുന്നു. അവിടെയായിരുന്നു ഫിലിപ്പ് തന്റെ പഠനം തുടർന്നത്. വൈവാഹിക വെബ്സൈറ്റിലൂടെയാണ് നഴ്സായ മെറിന്റെ വിവാഹാലോചന വരുന്നത്. അതിനാൽ തന്നെ രണ്ടുപേരുടെയും വീട്ടുകാർ ചേർന്ന് നടത്തിയ കല്യാണമായിരുന്നു. വിവാഹശേഷം ഫിലിപ്പാണ് മെറിനെ അമേരിക്കയിലേക്ക് കൊണ്ടുപോയത്. ‌

സാധാരണ ഭാര്യാ-ഭർത്താക്കന്മാർക്കിടയിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ മാത്രമായിരുന്നും മെറിന്റെയും ഫിലിപ്പിന്റെയും ജീവിതത്തിൽ ഉണ്ടായിരുന്നുള്ളൂവെന്നാണ് പേര് വെളിപ്പെടുത്താൻ ആ​ഗ്രഹിക്കാത്ത സുഹത്ത് മാധ്യമങ്ങളോട് പറഞ്ഞത്. മെറിൻ അല്പം വാശിക്കാരിയും ഫിലിപ്പ് ദേഷ്യക്കാരനുമായിരുന്നു. ഇതു കാരണം ചെറിയ പ്രശ്നങ്ങൾ പോലും വലുതാകാൻ കാരണമായെന്ന് സുഹത്തുക്കൾ പറയുന്നു. അവസാനം ഇവർ നാട്ടിൽ വന്നപ്പോൾ വിമാനത്താവളത്തിൽവെച്ച് ഇരുവരും വഴക്കിട്ടിരുന്നു. ഫിലിപ്പ് ഏർപ്പാടാക്കിയ ടാക്സി വരാൻ താമസിച്ചതിന്റെ പേരിലായിരുന്നു അന്ന് അവർ വഴക്ക് ഉണ്ടാക്കിയത്.

അവസാനം നാട്ടിൽ വന്ന സമയത്ത് മെറിനും കുടുംബവും ഫിലിപ്പിനെതിരേ ചങ്ങനാശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ തന്നോട് മെറിൻ വെറുതെ വഴക്കിടുകയാണെന്നും മനഃപൂർവ്വം കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഫിലിപ്പ് ഇതേക്കുറിച്ച് സുഹത്തുക്കളോട് പറഞ്ഞിരുന്നത്. ഏകമകൾ നോറയെ കാണാൻ പറ്റാത്തതിൽ ഫിലിപ്പ് മാനസികമായി ഏറെ തളർന്നിരുന്നതായും സുഹൃത്ത് വ്യക്തമാക്കി. പലപ്പോഴും ഉറക്കം പോലും കിട്ടുന്നില്ലെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഫിലിപ്പ് ലഹരിക്ക് അടിമയാണെന്നും സ്ഥിരം മദ്യപാനിയാണെന്നുമുള്ള ചില മാധ്യമങ്ങളിൽ വന്ന ആരോപണങ്ങൾ തീർത്തും തെറ്റാണെന്നും സുഹൃത്ത് വ്യക്തമാക്കുന്നു.

പിന്നീടങ്ങോട്ടും ദമ്പതിമാർക്കിടയിലെ പ്രശ്നങ്ങളിൽ ഇരുവീട്ടുകാരും ചർച്ചയൊക്കെ നടത്തിയിരുന്നുവെങ്കിലും ഒന്നും പരിഹാരം കണ്ടില്ല. നാട്ടിൽ കേസിൽ കുടുങ്ങുമെന്ന് ഭയന്നാണ് ഫിലിപ്പ് മെറിനെ കൂട്ടാതെ അമേരിക്കയിലേക്ക് മടങ്ങിപ്പോയത്. ജനുവരിയിൽ മെറിനും അമേരിക്കയിൽ തിരിച്ചെത്തിയിരുന്നു. ഇരുവരും നാട്ടിൽ നിന്ന് അമേരിക്കയിൽ തിരിച്ചെത്തിയ ശേഷവും പലപ്പോഴും ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ ഫോണിൽ സംസാരിക്കുന്ന കാര്യം വീട്ടുകാരോ മറ്റോ അറിയരുതെന്ന് മെറിൻ ഫിലിപ്പിനോട് പറഞ്ഞിരുന്നു. പ്രശ്നം വഷളാക്കുന്നത് മെറിന്റെ വീട്ടുകാരാണെന്നായിരുന്നു ഫിലിപ്പിന്റെ ആരോപണം. കൊലപാതകം നടന്നതിന്റെ തലേദിവസമാണ് ഫിലിപ്പ് അവസാനമായി മെറിനെ വിളിച്ചത്. എന്നാൽ അവസാന ദിവസം എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി ഞങ്ങൾക്കറിയില്ല. മെറിൻ വഞ്ചിച്ചെന്നാണ് ഫിലിപ്പ് പോലീസിന് നൽകിയ മൊഴി. പക്ഷേ, അത് എന്താണെന്നോ ഏതാണെന്നോ ഞങ്ങൾക്കറിയില്ല’- പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സുഹൃത്ത് വിശദീകരിച്ചു.