മെറിനെയും കുട്ടിയെയും കൊന്ന് താനും ജീവനൊടുക്കുമെന്ന് ഫിലിപ്പ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു: മെറിന്റെ ഗർഭകാലത്ത് ഫിലിപ്പ് സ്വകാര്യചിത്രങ്ങൾ പകർത്തിയിരുന്നു

കോട്ടയം: അമേരിക്കയിൽ കൊല്ലപ്പെട്ട മെറിനെയും കുട്ടിയെയും കൊന്ന് താനും ജീവനൊടുക്കുമെന്ന് മകളുടെ ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി നെവിൻ എന്ന ഫിലിപ്പ് മാത്യു(34) നേരത്തെയും കൊലവിളി നടത്തിയിട്ടുണ്ടെന്ന് മെറിന്റെ പിതാവ് ജോയി. ഇത്തവണ മെറിൻ നാട്ടിൽ വന്നപ്പോൾ വിവാഹബന്ധം വേർപ്പെടുത്താൻ കോടതിയെ സമീപിച്ച ശേഷമാണ് മടങ്ങിയത്. ഫിലിപ്പിന് അമേരിക്കയിൽ പറയത്തക്ക ജോലിയില്ലായിരുന്നു. മകൾക്ക് ലഭിക്കുന്ന ശമ്പളം പൂർണമായി വാങ്ങി ചെലവഴിച്ചിരുന്നത് ഫിലിപ്പാണെന്നും ഇയാൾ ശവപ്പെട്ടി വരെ ഉണ്ടാക്കിവെച്ചിരുന്നുവെന്നും പിതാവ് ജോയി പറഞ്ഞു.

മെറിൻ അമേരിക്കയിൽ എത്തിയ ശേഷവും ഫിലിപ്പുമായി ബന്ധപ്പെട്ടിരുന്നു. മെറിന്റെ ഗർഭകാലത്ത് ഫിലിപ്പ് സ്വകാര്യചിത്രങ്ങൾ പകർത്തിയിരുന്നു. അവ അടുത്തകാലത്ത് മെറിന് അയച്ചുകൊടുത്തെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്റെ മരിച്ചുപോയ മകളെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിക്കുന്നെന്ന് കാണിച്ച് മെറിന്റെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും മെറിനെ സ്വഭാവഹത്യ ചെയ്യുന്നതരത്തിലുള്ള ചർച്ചകളാണ് നടക്കുന്നതെന്നും അസഭ്യവർഷവും ഉണ്ടെന്നും ജോയി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

Loading...

അതേസമയം മെറിൻ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കാരം നടത്തുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ മൃതദേഹം എംബാം ചെയ്യാൻ സാധിക്കാത്തതിനാൽ സംസ്കാരം അമേരിക്കയിൽ തന്നെ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. അടുത്ത ശനിയാഴ്ചയാണ് സംസ്കാരം നടത്തുക. സൗത്ത് ഫ്ലോറിഡ കോറൽ സ്‌പ്രിങ്‌സ് ബ്രോവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായിരുന്ന മെറിൻ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് പാർക്കിങ് ലോട്ടിൽ വെച്ച് ഭർത്താവ് നിവിൻ എന്ന് വിളിക്കുന്ന ഫിലിപ്പ് മാത്യു അവരെ ആക്രമിച്ചതും കൊലപ്പെടുത്തിയതും.