മെറിൻ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല: മൃതദേഹം എംബാം ചെയ്യാൻ സാധിക്കാത്തതിനാല്‍ സംസ്കാരം അമേരിക്കയില്‍ നടത്തും: സംസ്ക്കാരം അടുത്തയാഴ്ച

ഫ്ലോറിഡ: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ ഭർത്താവിന്റെ കുത്തേറ്റു മരിച്ച മലയാളി നേഴ്‌സ് മെറിൻ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കാരം നടത്തുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ മൃതദേഹം എംബാം ചെയ്യാൻ സാധിക്കാത്തതിനാല്‍ സംസ്കാരം അമേരിക്കയില്‍ തന്നെ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. അടുത്ത ശനിയാഴ്ചയാണ് സംസ്കാരം നടത്തുക. സൗത്ത് ഫ്ലോറിഡ കോറൽ സ്‌പ്രിങ്‌സ് ബ്രോവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായിരുന്ന മെറിൻ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് പാർക്കിങ് ലോട്ടിൽ വെച്ച് ഭർത്താവ് നിവിൻ എന്ന് വിളിക്കുന്ന ഫിലിപ്പ് മാത്യു അവരെ ആക്രമിച്ചതും കൊലപ്പെടുത്തിയതും.

കഴിഞ്ഞ ദിവസം മെറിന്‍റെ മരണമൊഴി പുറത്ത് വന്നിരുന്നു. ഭർത്താവ് ഫിലിപ് മാത്യുവാണ് തന്നെ കുത്തിവീഴ്ത്തിയതും കാർ കയറ്റിയതെന്നുമായിരുന്നു മരണമൊഴി. കോട്ടയം മോനിപ്പള്ളി സൗദേശിനി മെറിൻ ജോയിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് എറണാകുളം പിറവം സ്വദേശി ഫിലിപ് മാത്യു അമേരിക്കൻ പൊലീസിന്റെ പിടിയിലാണ്. കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ് – മേഴ്സി ദമ്പതികളുടെ മകളാണു മെറിൻ.

Loading...

അതേസമയം മെറിൻ ജോയിയെ ഭർത്താവ് മുമ്പും ക്രൂരമായി ഉപദ്രവിച്ചിരുന്നതായി സഹപ്രവർത്തക മിനിമോൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എത്രയോ തവണ ഫിലിപ്പ് മാത്യുവുമായി ഒത്തുപോകാൻ മെറിൻ ശ്രമിച്ചുവെന്നും ഒട്ടും കഴിയാതായപ്പോഴാണ് മെറിൻ വേർപിരിയാൻ തീരുമാനിച്ചതെന്നും സഹപ്രവർത്തക പറഞ്ഞു. മെറിൻ ഭർത്താവുമായി വേർപിരിഞ്ഞ ശേഷം മിനിമോളുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.
17-ൽക്കൂടുതൽ തവണ മെറിനെ ഭർത്താവ് കുത്തിയതായി മിനിമോൾ പറയുന്നു. ”അതിന് ശേഷം മരിച്ചുവെന്ന് ഉറപ്പാക്കാൻ ദേഹത്ത് വണ്ടിയും കയറ്റിയിറക്കി. പക്ഷേ കാഷ്വാലിറ്റിയിലെത്തിച്ചപ്പോഴും അവൾക്ക് ജീവനുണ്ടായിരുന്നു. എനിക്ക് ജീവിക്കണം, എനിക്കൊരു മോളുണ്ട് എന്നാണ് അവൾ അപ്പോഴും പറഞ്ഞിരുന്നത്”, മിനിമോൾ പറയുന്നു. വളരെ സ്നേഹത്തോടെ എല്ലാവരോടും പെരുമാറുന്നയാളായിരുന്നു മെറിനെന്ന് മിനിമോൾ ഓർക്കുന്നു.