മോനിപ്പള്ളി തിരുഹൃദയപ്പള്ളിയിൽ പിറന്നാളുകാരിക്കു വേണ്ടി പറഞ്ഞേൽപ്പിച്ച കുർബാന ഒപ്പീസ് ആയി മാറി: മെറിന്റെ ജന്മദിനവും വിവാഹവാർഷികവും മരണവും ജൂലൈ മാസത്തിൽ: ഒന്നുമറിയാതെ ഓടിക്കളിച്ച് രണ്ടുവയസ്സുകാരി മകൾ നോറ

കോട്ടയം: അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ കോട്ടയം സ്വദേശിയായ മലയാളി നഴ്സ് മെറിൻ ജോയിയുടെ മൃതദേഹം അടുത്ത ആഴ്ച അവസാനത്തോടെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ് – മേഴ്സി ദമ്പതികളുടെ മകളാണു മെറിൻ. ഇന്നലെയായിരുന്നു മോനിപ്പള്ളി തിരുഹൃദയപ്പള്ളിയിൽ ഒരു പിറന്നാളുകാരിക്കു വേണ്ടി മാതാപിതാക്കൾ കുർബാന പറഞ്ഞേൽപ്പിച്ചത്. എന്നാൽ അവിചാരിതമായി അതു മരണ ദിവസത്തെ ഒപ്പീസ് ആയി മാറി. മെറിൻ ജോയിയുടെ ജന്മദിനമായിരുന്നു ഇന്നലെ. ഇടവക ദേവാലയമായ തിരുഹൃദയപ്പള്ളിയിൽ കുർബാന ചൊല്ലാൻ മെറിന്റെ പിതാവും അമ്മയും ഏർപ്പാടാക്കിയിരുന്നു.

മെറിന്റെ പിറന്നാൾ ആഘോഷത്തിനായി പിറന്നാൾ കേക്ക് മുറിക്കേണ്ട ദിവസത്തിൽ മെറിന്റെ ചിത്രത്തിന് മുന്നിൽ മെഴുകുതിരകൾ കത്തി നിന്നതും നാട്ടുകാർക്ക് നൊമ്പരമായി. മെറിൻ വിവാഹിതയായി ഊരാളിൽ വീടിന്റെ പടിയിറങ്ങിപ്പോയതും 4 വർഷം മുൻപ് ഇതേ ദിനത്തിലായിരുന്നു. ജൂലൈ മാസത്തിൽ സന്തോഷിച്ചിരുന്ന ഊരാളിൽ കുടുംബത്തിന് ജൂലൈമാസം തീരാ ദുഖമായി മാറിയിരിക്കുകയാണ്.  മെറിന്റെ പിതാവ് ജോയിയും അമ്മ മേഴ്സിയും അനുജത്തി മീരയും സങ്കടം ആരോടും പങ്കിടാതെ നെഞ്ചുനീറി കഴിയുന്നു. മെറിനെ അവസാനമായി ഒരു നോക്കു കാണാൻ കാത്തിരിക്കുകയാണ് അവർ. ഒന്നുമറിയാതെ മെറിന്റെ രണ്ടു വയസ്സുകാരി മകൾ നോറ വീട്ടിൽ ഓടിക്കളിച്ചു നടക്കുന്നു.

Loading...

യുഎസിലെ മയാമി കോറൽ സ്പ്രിങ്സ് ബ്രൊവാഡ്‌ ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്സായിരുന്ന മെറിൻ (27) നെ ഭർത്താവ് ചങ്ങനാശേരി ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യു (നെവിൻ–34) ആണ് കത്തികൊണ്ട് കുത്തി കാർകയറ്റി കൊന്നത്. മെറിന്റെ മൃതദേഹം അമേരിക്കയിൽ, ഞായറാഴ്ച വൈകിട്ടോടെ ബ്രൊവാഡ്‌ ഹോസ്പിറ്റലിനു സമീപം പൊതുദർശനത്തിനു വയ്ക്കും. നാട്ടിൽ എത്തിക്കുന്നതിനു നടപടികൾ സ്വീകരിക്കുമെന്നു ബന്ധുക്കൾ പറഞ്ഞു. എംപിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ, മോൻസ് ജോസഫ് എംഎൽഎ എന്നിവർ കുടുംബാംഗങ്ങളുമായി സംസാരിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്ക സെല്ലുമായി ബന്ധപ്പെട്ടു നടപടി ആരംഭിച്ചെന്നു തോമസ് ചാഴികാടൻ എംപി പറഞ്ഞു. അതേസമയം മെറിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ഫിലിപ് മാത്യുവിനെതിരെ ഫസ്റ്റ് ഡിഗ്രി മർഡർ വകുപ്പാണ് പൊലീസ് ചുമത്തിയത്. ഫിലിപ്പിന്റെ കയ്യിൽ നിന്നു കത്തിയും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.