മെട്രോയില്‍ ഇനി സ്ത്രീകള്‍ക്ക് പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കാം

മെട്രോയില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇനി മുതല്‍ ബാ​ഗില്‍ പെപ്പര്‍ സ്പ്രേ സൂക്ഷിക്കാന്‍ അനുമതി. ബംഗളുരു മെട്രോ റെയില്‍ കോര്‍പറേഷനാണ് അനുമതി നല്‍കിയത്. ഹൈദരാബാദില്‍ വനിതാ ഡോക്ടര്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സ്വയം പ്രതിരോധത്തിനുള്ള അവകാശമെന്ന നിലയ്ക്കാണ് ഈ തീരുമാനമെന്ന് മെട്രോ അധികൃതര്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഹൈദരാബാദിലെ സംഭവങ്ങള്‍പ്പോലെയുള്ളവ ഇനി ഒരിക്കലും ആവര്‍ത്തിക്കപ്പെടരുതെന്നാണ് എല്ലാവരെയും പോലെ മെട്രോയും ആഗ്രഹിക്കുന്നത്. സ്വയം രക്ഷയ്ക്ക് സ്ത്രീകള്‍ക്കുള്ള അവകാശത്തെ തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തീപിടിത്തത്തിന് ഇടയാക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി പെപ്പര്‍ സ്പ്രേയ്ക്ക് മുന്‍പ് മെട്രോകളില്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് നടന്നത്.

Loading...

നമ്മുടെ നാട്ടില്‍ സ്വയംരക്ഷയ്ക്കായി പലപ്പോഴും സ്ത്രീകള്‍ പെപ്പര്‍ സ്പ്രേ കൈയ്യില്‍ കൊണ്ടു നടക്കാറുണ്ട്. മറ്റു ചില രാജ്യങ്ങളില്‍ ഇത് നിയമവിരുദ്ധമാണെങ്കിലും ഇന്ത്യയില്‍ കുറ്റകരമല്ല. പേരില്‍ പെപ്പര്‍ ഉണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതില്‍ അടങ്ങിയിരിക്കുന്ന വസ്തു കുരുമുളകല്ല. മുളകുചെടികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ‘കാപ്‌സൈസിന്‍’ എന്ന രാസപദാര്‍ത്ഥമാണ്.

പെപ്പര്‍ സ്പ്രേയില്‍ അടങ്ങിയിരിക്കുന്ന ഒലിയോ റെസീന്‍ വിഭാഗത്തില്‍പ്പെടുന്ന രാസവാതകമാണ് എതിരാളികളെ പ്രതിരോധത്തിലാക്കുന്നത്. ഇത് പ്രയോഗിക്കുന്നതോടെ കണ്ണില്‍ രൂക്ഷമായ എരിച്ചില്‍, താത്കാലിക അന്ധത, വേദന, കണ്ണീര്‍പ്രവാഹം, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയവ ഉണ്ടാകും. 30 മിനിറ്റ് മുതല്‍ അഞ്ചു മണിക്കൂര്‍ വരെ കണ്ണില്‍ അസ്വസ്ഥതയുണ്ടാകും.

തുടര്‍ച്ചയായി പെപ്പര്‍ സ്‌പ്രേ അടിക്കുന്നത് നിരന്തരമായ കാഴ്ചാ തകരാര്‍ ഉണ്ടാക്കുകയും ചെയ്യും. സാധാരണഗതിയില്‍ പെപ്പര്‍ സ്പ്രേ കണ്ണില്‍ വീണ ഉടനെ പച്ചവെള്ളത്തില്‍ മുഖം കഴുകരുതെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. സോപ്പ് ലായനിയില്‍ 15 സെക്കന്റ് നന്നായി മുഖം കഴുകിയ ശേഷം തുണി ഉപയോഗിച്ച്‌ വെള്ളം ഒപ്പിയെടുക്കണം. പൊള്ളല്‍ ഉണ്ടെങ്കില്‍ കണ്ണ് ഡോക്ടറുടെ സഹായം തേടണം.

പെപ്പര്‍ സ്പ്രേ സാധാരണഗതിയില്‍ മാരകമല്ലെങ്കിലും അപൂര്‍വമായി ഇതിന്റെ പ്രയോഗത്തെത്തുടര്‍ന്നുള്ള ആഘാതത്തില്‍ മരണം സംഭവിച്ചതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.