എച്ച് 1 ബി വിസയിൽ അമേരിക്കയ്ക്ക് മെക്‌സിക്കോയുടെ മറുപടി;അമേരിക്ക തള്ളിയാൽ മിടുക്കരായ ഇന്ത്യക്കാരെ ഞങ്ങൾ എടുക്കും

ന്യൂഡൽഹി: എച്ച്1 ബി വിസയുടെ കാര്യത്തിൽ അമേരിക്ക മസിലു പിടിച്ചാൽ ഇന്ത്യാക്കാരെ മെക്സിക്കോയിലേക്ക് മാറ്റി താമസിപ്പിക്കാൻ സന്തോഷമേയുള്ളെന്ന് മെക്സിക്കൻ അംബാസഡർ മെൽബാ പ്രിയ. ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധങ്ങളിൽ അത് ഒരു മാറ്റി വരയ്ക്കലായിരിക്കുമെന്നും അമേരിക്ക നിലപാട് എടുക്കുന്ന അതേ നിമിഷം തന്നെ കൂടുതൽ മെക്സിക്കൻ കമ്പനികൾ ഇന്ത്യയിൽ ശ്രദ്ധയൂന്നുമെന്നും പറഞ്ഞു. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്ക ഏറ്റവുമധികം ഉന്നയിക്കുന്ന കുടിയേറ്റ പ്രശ്നത്തെ കൃത്രിമമായി പരിഹരിക്കാനാകില്ലെന്നും പറഞ്ഞു. അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ പ്രതിരോധ ഭിത്തി തീർക്കാനുള്ള ട്രംപിന്റെ നീക്കത്തെയാണ് മെൽബ വിമർശിച്ചത്്. അമേരിക്കയുമായി അതിർത്തി പങ്കു വെയ്ക്കുന്ന കാര്യം തിരക്കു പിടിച്ചതും സമ്പന്നമായതും സജീവതയുള്ളതുമെന്നായിരുന്നു പ്രതികരണം. അവിടെ പരസ്പരാശ്രയത്വവും സഹവർത്തിത്തവും വികസന പങ്കാളിത്തവും വേണമെന്നൂം പറഞ്ഞു. ചില പ്രത്യേക ഇടങ്ങളെ സുരക്ഷിതമാക്കുന്ന കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികതയും ഉപയോഗിച്ചുള്ള അയൽക്കാർ തമ്മിലുള്ള ബന്ധം ആരോഗ്യകരമാക്കുന്ന ഒരു പാലമാണ് തങ്ങളുടെ ലക്ഷ്യമെന്നും മെക്സിക്കോയുടെ ഇന്ത്യൻ അംബാസഡർ വ്യക്തമാക്കി.കുടിയേറ്റക്കാർ വിവിധ രീതിയിലാണ് മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് ഒഴുകുന്നത്. അമേരിക്കയുടെ അഭിവൃദ്ധിയിൽ അവരുടേതായ സംഭാവനകളുമുണ്ട്. അമേരിക്കൻ ആഭ്യന്തരോൽപ്പാദനത്തിൽ 8 ശതമാനം പ്രതിനിധീകരിക്കുന്നത് മെക്സിക്കൻ കുടിയേറ്റക്കാരാണ്. 570,000 മെക്സിക്കൻ ബിസിനസ്സുകാർ ഉള്ള അമേരിക്കയിൽ ഇവർ സൃഷ്ടിക്കുന്ന തൊഴിലവസരത്തിലൂടെ കിട്ടുന്ന വരുമാനം 17 ബില്യൺ ഡോളറാണെന്നാണ് കണക്കുകൾ. ഇവരിൽ അഞ്ചു ലക്ഷത്തോളം മെക്സിക്കൻ കുടിയേറ്റക്കാരും നന്നായി പണിയറിയാവുന്ന കുടിയേറ്റക്കരോ പഠിക്കുന്നവരോ ഡോക്ടറോ എഞ്ചിനീയറോ പ്രൊഫഷണലുകളോ ഒക്കെ ആണെന്നും പറയുന്നു.