മിഷിഗണിലെ വിമാനത്താവളത്തില്‍ ‘അല്ലാഹു അക്ബര്‍’ എന്ന് ആക്രോശിച്ചു കൊണ്ട് പോലീസ് ഓഫീസറെ കുത്തി പരിക്കേല്‍പിച്ചു; ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

ഫ്‌ളിന്റ് (മിഷിഗണ്‍): ഫ്‌ളിന്റിലുള്ള ബിഷപ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ‘അള്ളാഹു അക്ബര്‍’ എന്നാക്രോശിച്ചു കൊണ്ട് കനേഡിയന്‍ പൗരന്‍ പോലീസ് ഓഫീസറെ കുത്തി പരിക്കേല്‍പിച്ചു. അമര്‍ ഫൗഹി എന്ന അമ്പതുകാരന്റെ നടപടി ഭീകരാക്രമണമാണെന്ന് എഫ്.ബി.ഐ സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. പുറത്തും, കഴുത്തിലും കുത്തേറ്റ ലഫ്റ്റനന്റ് ജെഫ് നെവില്‍ അപകടനില തരണം ചെയ്തതായി ആശുപത്രി കേന്ദ്രങ്ങള്‍ അറിയിച്ചു.
വിമാനത്താവളത്തില്‍ എക്‌സലേറ്ററുകള്‍ക്കു മുകളിലായി നിന്നിരുന്ന പോലീസ് ഓഫീസറെ പിന്നില്‍ നിന്ന് എത്തി അക്രമി കുത്തുകയായിരുന്നു. നിങ്ങള്‍ സിറിയയിലും, ഇറാക്കിലും, അഫ്ഗാനിസ്ഥാനിലും ആളുകളെ കൊന്നു.. ഞങ്ങളെല്ലാം മരിക്കാന്‍ പോവുകയാണെന്ന് അക്രമി ആക്രോശിച്ചതായി എഫ്.ബി.ഐ ഏജന്റ് ഡേവിഡ് ഗെലിയോസ് പറഞ്ഞു. ‘ഒറ്റപ്പെട്ട ചെന്നായ്’ ആക്രമണമാണിതെന്ന് സംശയിക്കുന്നതായി എഫ്.ബി.ഐ അധികൃതര്‍ പറഞ്ഞു.
ന്യൂയോര്‍ക്കിലെ ലേക്ക് ചാമ്പ്‌ളയിന്‍ വഴി ജൂണ്‍ 16 നാണ് അക്രമി അമേരിക്കയില്‍ പ്രവേശിച്ചത്. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അക്രമം നടത്തി ഗുരുതരമായ പരിക്കേല്‍പിച്ച ചാര്‍ജാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിക്കുകയുണ്ടായി. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ വിമാനത്താവളം അടച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തെപ്പറ്റി പ്രസിഡന്റ് ട്രമ്പിന് വിവരങ്ങള്‍ കൈമാറിയെന്ന് വൈറ്റ്ഹൗസ് അധികൃതര്‍ പറഞ്ഞു.