ലിബിയയില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി 650 ആളുകള്‍ മരിച്ചു

ലിബിയയില്‍ നിന്ന് യൂറോപ്പിലേക്ക് പുറപ്പെട്ട അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി 650 ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ടു ചെയ്യുന്നു. 2 ദിവസം മുമ്പ് ലിബിയന്‍ തീരത്തുനിന്ന് 700 അഭയാര്‍ഥികളുമായി യൂറോപ്പിലേക്ക് പുറപ്പെട്ടതായിരുന്നു ബോട്ട്. യാത്രയില്‍ ബോട്ടിന് എന്തോ അപകടം സംഭവിച്ചിരുന്നു. തുടര്‍ന്ന് ബോട്ടില്‍ നിന്നും മുന്നറിയിപ്പ് അയച്ചതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ രക്ഷാപ്രവര്‍ത്തകര്‍ ഇവരുടെ ബോട്ടിനടുത്തേക്ക് എത്തുന്ന സമയം ആളുകള്‍ എല്ലാവരും ബോട്ടിന്റെ ഒരു വശത്തേക്ക് മാറുകയും ബോട്ട് കടലില്‍ മുങ്ങുകയുമാണുണ്ടായതെന്ന് ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചു. കടലില്‍ മുങ്ങിയവരില്‍ 50 പേരെ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞത്.

ലിബിയയില്‍ നിന്ന് ഇതുപോലെ നൂറുകണക്കിനാളുകളാണ് യൂറോപ്പിനെ ലക്ഷ്യമാക്കി ബോട്ടുകളില്‍ കടക്കാന്‍ ശ്രമിക്കുന്നത്. ലിബിയയില്‍ നിന്നുള്ള ക്രിമിനല്‍ മാഫിയയാണ് ആളുകളെ ഭീഷണിപ്പെടുത്തി ബോട്ടുകളില്‍ കുത്തിനിറച്ച് യൂറോപ്പിലേക്കയക്കുന്നതെന്നും, ഇതൊരു കൂട്ടക്കുരുതിയാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച 400 ആളുകള്‍ കടലില്‍ ഇതുപോലെ ഒരു അപകടത്തില്‍ മരിച്ചിരുന്നു.

Loading...