ചികിത്സ നൽകാൻ വിസമ്മതിച്ച് മുതലാളി; തൃശൂരിൽ ഇതര സംസ്ഥാന യുവതിക്ക് ഓട്ടുകമ്പനിയിൽ സുഖ പ്രസവം

തൃശൂർ: ഇതര സംസ്ഥാന തൊഴിലാളിയായ യുവതിക്ക് ഓട്ടു കമ്പനിയിൽ സുഖ പ്രസവം. ആമ്പല്ലൂർ ചിറ്റിശേരിയിലാണ് സംഭവം നടന്നത്. ഇന്നലെ പുലർച്ചെയായിരുന്നു പ്രസവം. ഓട്ടുകമ്പനിയിലെ വൃത്തി ഹീനമായ അന്തരീക്ഷത്തിൽ യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെയായിരുന്നു യുവതിയുടെ പ്രസവം. സംഭവം അറിഞ്ഞെത്തിയ വനിതാ ഡോക്ടറെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും ഓട്ടുകമ്പനി ഉടമ അസഭ്യം പറഞ്ഞതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. പിന്നീട് പൊലീസ് സുരക്ഷയില്‍ യുവതിയെയും കുഞ്ഞിനെയും പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരെ തൊഴില്‍ സ്ഥലത്ത് നിന്ന് മാറ്റുകയാണെങ്കില്‍ രേഖമൂലം കത്ത് നൽകണമെന്ന് ഉടമ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യത്തില്‍ ചികിത്സയാണ് നല്‍കേണ്ടതെന്ന നിലപാടിലായിരുന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. ഇതിനിടെ വനിത ഡോക്ടര്‍ക്കുനേരെയും ജീവനക്കാര്‍ക്ക് നേരെയും അസഭ്യ വര്‍ഷം നടത്തിയ ഇയാള്‍ ഇവരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പറയുന്നു.

Loading...

ആശുപത്രിയിലേയ്ക്ക് യുവതിയെയും കുഞ്ഞിനെയും നിര്‍ബന്ധപൂര്‍വ്വം മാറ്റാനുള്ള ശ്രമത്തിനിടെ ആരോഗ്യവകുപ്പിന്‍റെ ആംബുലന്‍സിന്‍റെ താക്കോല്‍ ഓട്ടുകമ്പനി ഉടമ ഊരിയെടുത്തു. യഥാസമയം തൊഴിലാളിക്ക് ചികിത്സ ഉറപ്പുവരുത്തുന്നതില്‍ തൊഴിലുടമ വീഴ്ച വരുത്തിയതായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു. പ്രസവ വേദനയെടുത്ത യുവതിയെ ആശുപത്രിയിലാക്കുന്നതിനു പകരം കമ്പനിയിൽ തന്നെ പ്രവസിവിപ്പിക്കുകയായിരുന്നു.