തൃശൂർ: കണ്ടെയ്‌നര്‍ ലോറിക്കു പിറകില്‍ മിനി ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്ക്. തൃശൂരിൽ ദേശീയപാതയിൽ തലോര്‍ ജറുസലേമിനു സമീപം നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിന്നിൽ യാത്രക്കാരുമായി വന്ന മിനി ബസ് ഇടിക്കുകയായിരുന്നു. കേടായി കിടന്ന ലോറിക്കു പിറകിലാണ് ബസ് വന്നിടിച്ചത്. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം തെങ്കാശിയിൽ കാറും സ്‌കൂൾബസ്സും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. തെങ്കാശി ജില്ലയിലെ ശങ്കരൻ കോവിലിന് സമീപത്തായിരുന്നു അപകടം. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ ആയിരുന്നു തെങ്കാശിയിൽവെച്ച് സ്‌കൂൾബസ്സുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ നാലുപേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേയ്‌ക്ക് പോകും വഴിയുമാണ് മരണപ്പെട്ടത്.
അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്. ഗുരുസ്വാമി, വെളുത്തൈ, ഉദയമ്മാൾ, മനോജ് കുമാർ എന്നിവരാണ് സംഭവ സ്ഥലത്തു വെച്ച് മരിച്ചത്. തിരുച്ചെന്തൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു ഇവർ.