ആളുകൾ വിവാഹം കഴിക്കുന്നുണ്ട്, ട്രെയിനുകൾ എല്ലാം ഫുള്ളാണ്… ഇവിടെ ഒരു സാമ്പത്തിക പ്രതിസന്ധിയും ഇല്ലെന്ന് കേന്ദ്രമന്ത്രി

രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അൻഗാഡി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിശ്ചായ തകർക്കാൻ‌ ചിലർ കരുതിക്കൂട്ടി ഉയർത്തുന്ന തെറ്റായ ആരോപണങ്ങളാണ് സാമ്പത്തിക മാന്ദ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് സാമ്പത്തിക മാന്ദ്യം എന്ന ആരോപണത്തോട് യോജിക്കുന്നില്ല. ഇവിടെ ട്രെയിനുള്‍പ്പെടെ യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിമാനത്താവളങ്ങളിലും സ്ഥിതി വ്യത്യാസമില്ല. ആളുകൾ കല്യാണം കഴിക്കുന്നുണ്ട്.ഇതെല്ലാം നിലനിൽക്കുമ്പോൾ എവിടെയാണ് സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നതെന്നും ബെൽഗാമിൽ നിന്നുള്ള എംപി കൂടിയായ മന്ത്രി പറയുന്നു.

Loading...

ഉത്തർപ്രദേശിലെ ഈസ്റ്റേൺ ഡെഡിക്കേറ്റഡ് ചരക്ക് നീക്ക കോറിഡോർ (ഡിഎഫ്സി) യുടെ തുണ്ട്ല-ഖുർജ വിഭാഗം മേഖലയിൽ നടത്തിയ
സന്ദർശനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഓരോ മൂന്നു വർഷത്തിലും സമ്പദ്‌വ്യവസ്ഥയിലെ ഡിമാൻഡിൽ‌ കുറവ് വരും. ഇതൊരു ചാക്രിക സംഭവമാണ്.

എന്നാൽ ഇതിനെ സാമ്പത്തിക രംഗം സ്വമേധയാ മറികടക്കും. ബിജെപി സർക്കാർ പറയുന്ന അഞ്ച് ട്രില്ല്യൺ‌ എക്കണോമിയിലേക്ക് ഇന്ത്യ വളരുമെന്നും മന്ത്രി അവകാശപ്പെട്ടു.

ഈസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ (ഡിഎഫ്സി) നമ്മുടെ സാമ്പത്തിക രംഗത്തെ വളർച്ചയിൽ വലിയ പങ്കവഹിക്കും. 194 കിലോ മീറ്റർ വരുന്നപാത ഇതിനോടകം തന്നെ 400 ചരക്ക് ട്രെയിനുകളെ വഹിച്ച് കഴിഞ്ഞിരിക്കുന്നു.
പദ്ധതി പൂർണമാവുന്നതോടെ വൻ മുന്നേറ്റം കാഴ്ചവയ്ക്കാനാവുമെന്നും അദ്ദേഹം പറയുന്നു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ദാരിദ്ര്യത്തിന്റെ തോത് വര്‍ധിപ്പിക്കുകയാണെന്ന സുചന നല്‍കി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ സർവെ റിപ്പോര്‍ട്ട് ഉൾപ്പെടെ പുറത്ത് വന്നിരുന്നു.

രാജ്യത്തെ ഉപഭോക്തൃ ചെലവ് സംബന്ധിച്ച സര്‍വെയിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന കണക്കുകള്‍ ഉള്ളത്.
ഭക്ഷ്യ സാധനങ്ങള്‍ക്ക് ഗ്രാമീണര്‍ ചിലവഴിക്കുന്ന തുകയിലും കുറവുണ്ടായിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഗ്രാമിണ മേഖലയിലെ ജനങ്ങള്‍ ഉപഭോഗ ആവശ്യങ്ങള്‍ക്ക് വേണ്ടി പണം ചിലവിടുന്നതില്‍ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഗ്രാമിണ മേഖലയിലെ ജനങ്ങള്‍ ഉപഭോഗ ആവശ്യങ്ങള്‍ക്ക് വേണ്ടി പണം ചിലവിടുന്നതില്‍ കുറവ് വരുന്നത്.

ജൂലൈ 2017-18 കാലത്ത് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വെയുടെ കണ്ടെത്തലുകളാണ് പുറത്തുവന്നത്

2011 -12 കാലത്തെ അപേക്ഷിച്ച് 2017-18 ല്‍ എത്തുമ്പോള്‍ ഉപഭോഗ ചിലവുകളില്‍ ഗ്രാമീണ ജനങ്ങള്‍ വരുത്തിയ കുറവ് 3.7 ശതമാനമാണ്. അതായത് 2011- 12 കാലത്ത് ഗ്രാമീണ ജനങ്ങള്‍ ശരാശരി ഉപഭോഗ ആവശ്യങ്ങള്‍ക്കായി 1511 രൂപയായിരുന്നു ചിലവഴിച്ചത്. ഇത് 2017-18 കാലത്ത് 1446 രൂപയായി കുറഞ്ഞു.

അഞ്ച് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് ഉപഭോഗ ചിലവില്‍ കുറവുണ്ടാകുന്നത്.ഗ്രാമീണ മേഖലയില്‍നിന്നുള്ള ഡിമാന്റിലും വന്‍ കുറവുണ്ടായാതായും സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ഡിമാന്റില്‍ വന്‍ കുറവുണ്ടായത് വ്യവസായ മേഖലെയേയും പ്രതികൂലമായി ബാധിച്ചിരുന്നു

ഇതിന് മുമ്പ് ഉപഭോഗ ചിലവില്‍ കുറവുണ്ടായത് 1972-73 കാലത്താണെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു. ലോക സാമ്പത്തിക മേഖലയെ പിടിച്ചുലച്ച എണ്ണ പ്രതിസന്ധിയുടെ കാലത്തായിരുന്നു ഇതെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ദന്‍ ഹിമാംശുവിനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്റേഡ് റിപ്പോര്‍ട്ട് ചെയ്തു.