മന്ത്രിയുടെ ചെരിപ്പ് അടിച്ചുമാറ്റി, മൈക്കിലൂടെ അറിയിപ്പ് കൊടുത്തിട്ടും രക്ഷയില്ല

നീലേശ്വരം:ആരായിരിക്കും മന്ത്രിയുടെ ചെരിപ്പ് മോഷ്ടിക്കാൻ മാത്രം ധൈര്യം ഉള്ളവർ? നീലേശ്വരത്ത് ഇത്തരത്തിൽ ധൈര്യമുള്ള കള്ളന്മാർ ഉണ്ടെന്നാണ്‌ കരുതുന്നത്. ചെരിപ്പില്ലാത്തവർ ചിലപ്പോൾ വിലകൂടിയ ലതർ ചെരിപ്പ് കണ്ടപ്പോൾ ഏറെ നാളത്തേ ആഗ്രഹം തീർത്തതുമാകാം.റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ വിലയേറിയ ചെരുപ്പാണ്‌ മോഷണം പോയത്.നീലേശ്വരം എന്‍.കെ.ബി.എം. എ.യു.പി. സ്‌കൂളില്‍ നടന്ന ‘നന്മ’ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മന്ത്രി ചന്ദ്രശേഖരനാണ് ഈ ദുരനുഭവം

ഓഫീസിനകത്ത് കയറുമ്പോള്‍ വിദ്യാലയമെന്ന പരിഗണന നല്കി അദ്ദേഹം ചെരുപ്പ് പുറത്തുവെച്ചശേഷമാണ് ഓഫീസിനകത്ത് കടന്നത്.ഒപ്പം മന്ത്രിയുടെ കൂടെ ഉണ്ടായിരുന്നവരും ചെരുപ്പ് പുറത്തുവെച്ചു. കാല്‍മണിക്കൂറിനുശേഷം ‘നന്മ’ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനായി പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചെരുപ്പ് കാണാനില്ലായിരുന്നു. തുടര്‍ന്ന് ചെരുപ്പിടാതെയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ വേദിയില്‍ എത്തിയത്.അതിനിടയില്‍ ‘നന്മ’ ജില്ലാ സെക്രട്ടറി കെ.എന്‍.കീപ്പേരി വി.വി.ഐ.പി.യുടെ ചെരുപ്പ് നഷ്ടപ്പെട്ടിട്ടുണ്ടെന്നും ആരെങ്കിലും മാറി ഉപയോഗിച്ചിട്ടുണ്ടങ്കില്‍ തിരിച്ചെത്തിക്കണമെന്ന് മൈക്കിലൂടെ അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല.ഉടനടി സി.പി.ഐ. ഭാരവാഹികള്‍ നഗരത്തിലെ കടയില്‍ പോയി പുതിയൊരു ചെരുപ്പു വാങ്ങി മന്ത്രിക്ക് നല്കുകയായിരുന്നു. പതിനൊന്നേകാലോടെ പുതുതായി വാങ്ങിയ സ്ലിപ്പര്‍ ചെരുപ്പുമായാണ് അദ്ദേഹം ബന്തടുക്കയിലേക്ക് യാത്രതിരിച്ചത്.

Loading...