ദൈവങ്ങളെ ഭജിച്ചാല്‍ ഡെങ്കിപ്പനി പോകുമെന്ന വിശ്വാസം തനിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ

കണ്ണൂര്‍: തന്റെ മനസ്സില്‍ ശ്രീരാമനും ശ്രീകൃഷ്ണനും നബിയും ക്രിസ്തുവുമെല്ലാം ഉണ്ടെങ്കിലും, അവരെ മനസ്സില്‍ ഭജിച്ചാല്‍ ഡെങ്കിപ്പനി പോകുമെന്ന വിശ്വാസം തനിക്കില്ലെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച വനിതാ സാഹിത്യ ശില്‍പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.

കുട്ടിക്കാലത്തു ശ്രീകൃഷ്ണനോടായിരുന്നു ഇഷ്ടം. അമ്മമ്മ പറഞ്ഞു തന്ന ശ്രീകൃഷ്ണ കഥകള്‍ കേട്ടാണു വളര്‍ന്നത്. പിന്നീടു നവോഥാന മൂല്യങ്ങള്‍ മനസ്സിലാക്കി. പ്രാര്‍ത്ഥിച്ചു വന്നോട്ടെ, ഉപദ്രവിക്കരുത് എന്നു പറയാനുള്ള തന്റേടം സ്ത്രീകള്‍ക്കുണ്ടാകണമെന്നു ശബരിമല വിഷയം സൂചിപ്പിച്ചു മന്ത്രി പറഞ്ഞു.

Loading...

അമ്പലത്തില്‍ പോകേണ്ട, കൈകൂപ്പേണ്ട എന്നൊക്കെ പറയുന്നതിനേക്കാള്‍ ഭേദം അവര്‍ പോകട്ടെ, മനസ്സിലുള്ളതു പറയട്ടെ എന്നു ചിന്തിക്കുന്നതല്ലേ. അതു വലിയ ആശ്വാസമാണെങ്കില്‍ അങ്ങനെയാകട്ടെ. എന്റെ ദൈവം ശക്തനും മറ്റവന്റെ ദൈവം അശക്തനും എന്നൊന്നും പറയേണ്ട. ഇവിടെ വേറെ എന്തെല്ലാം വിഷയങ്ങളുണ്ട്-മന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ പ്രതികരണവുമായി കെകെ ശൈലജ നേരത്തെ രംഗത്തെത്തിയിരുന്നു. ഭരണഘടനാപരമായ അവകാശം ഉണ്ടെന്നതിന്റെ പേരില്‍ അവകാശം സ്ഥാപിക്കാന്‍ ചെല്ലേണ്ട ഇടമല്ല ശബരിമലയെന്ന് കെകെ ശൈലജ വ്യക്തമാക്കി. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

അവകാശം സ്ഥാപിക്കാനുളള അത്തരം പോക്കുകള്‍ സംഘര്‍ഷമുണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും കെകെ ശൈലജ അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിന്റെ വ്യക്തമായ നിലപാടാണ് തന്റേതെന്ന് ശൈലജ ആവര്‍ത്തിച്ചു. സ്ത്രീകള്‍ അശുദ്ധരാണ് എന്ന് പറയുന്നത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. സ്ത്രീകള്‍ ശബരിമല കയറുന്നതില്‍ അയ്യപ്പന് കോപം ഉണ്ടാവുകയുമില്ലെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു.