സംസ്ഥാനത്ത് വരാനിരിക്കുന്നത് പരീക്ഷണ നാളുകള്‍;മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: ഇന്നലത്തെ കൊവിഡ് കണക്കുകള്‍ കൂടി പുറത്ത് വന്നപ്പോള്‍ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1 ലക്ഷം കവിഞ്ഞിരിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം ദിനംപ്രതി 3000 ത്തില്‍ കൂടുതല്‍ എന്ന കണക്കിലേക്ക് മാറുകയാണ്. നിലവിലെ സാഹചര്യം തുടരുമ്പോള്‍ നമ്മള്‍ അതീവജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ നല്‍കുന്ന മുന്നറിയിപ്പ്. വരാനിരിക്കുന്നത് പരീക്ഷണനാളുകളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നപ്പോഴും മരണസംഖ്യ 410 മാത്രമെന്നതും രോഗമുക്തി കൂടുതലായതും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ മികവാണ്.

ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണിത്. മറ്റ് പലയിടത്തും മരണനിരക്ക് 4 മുതല്‍ 10 ശതമാനമായപ്പോള്‍ നമ്മുടെ സംസ്ഥാനത്തെ മരണനിരക്ക് 0.4 ശതമാനം മാത്രമാണ്. ആകെ രോഗികള്‍ ഒരു ലക്ഷം ആകുമ്പോഴും 73,904 പേരും രോഗമുക്തി നേടി. ഇനി ചികിത്സയിലുള്ളത് 27,877 പേരാണെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിലാദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് 2020 ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നും വന്ന ഒരു വിദ്യാര്‍ഥിയിലൂടെ കേരളത്തിലാണ്. എന്നാല്‍ മറ്റ് പല സംസ്ഥാനത്തും രോഗബാധ കുതിച്ചുയര്‍ന്നപ്പോഴും പിടിച്ച് നില്‍ക്കാന്‍ നമുക്കായി. ആദ്യ ഘട്ടത്തില്‍ 3 കേസുകളാണ് ഉണ്ടായത്. രണ്ടാം ഘട്ടത്തില്‍ രോഗബാധിത പ്രദേശങ്ങളില്‍ നിന്നും കൂടുതലാളുകള്‍ എത്തിക്കൊണ്ടിരുന്നതോടെ മാര്‍ച്ച് 8 മുതല്‍ രോഗികള്‍ കൂടി.

Loading...