6000 കോടി കേന്ദ്രത്തിന് പോകും; പെട്രോളും ഡീസലും ജിഎസ്ടിയില്‍ വരുന്നതിനെ എതിര്‍ക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുന്ന കാര്യം നാളെ ചേരുന്ന ജി.എസ്.ടി.കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചാല്‍ കേരളം എതിര്‍ക്കുമെന്ന് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയില്‍ വന്‍പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഈ നീക്കം. പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധന നിയന്ത്രിക്കണമെന്ന് തന്നെയാണ് സംസ്ഥാനത്തിന്റെ നിലപാട്. എന്നാല്‍ വിലക്കയറ്റത്തിന് ഇടയാക്കുന്ന കേന്ദ്രത്തിന്റെ അശാസ്ത്രീയ നികുതി നടപടികളാണ് ഒഴിവാക്കേണ്ടത്.

പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന അധിക നികുതി സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കപ്പെടുന്നില്ല.ജി.എസ്.ടി.വന്നതിന് ശേഷം സംസ്ഥാനത്തിന്റെ നികുതിവരുമാനം ഗണ്യമായി കുറഞ്ഞു.സംസ്ഥാനത്തിന്റെ
സാമ്പത്തികവശ്യങ്ങള്‍ നിറവേറ്റാന്‍ മാര്‍ഗ്ഗങ്ങള്‍ അടഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല.

Loading...

ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് മാത്രം പെട്രോള്‍ വില കുറയുമെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. കേന്ദ്രം സെസ് പിരിക്കുന്നത് നിര്‍ത്തിയാല്‍ മാത്രമേ ഇന്ധന വില കുറയൂ. സെസ് നിര്‍ത്താതെ ഇന്ധന വില ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് മാത്രം ജനത്തിന് ഗുണം ചെയ്യില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രം ഇന്ധന വില ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നതോടെ കേരളത്തിന്റെ വരുമാനം പകുതിയായി കുറയും. സംസ്ഥാനത്തിന് ലഭിക്കുന്ന 12,000 കോടി രൂപയില്‍ നിന്ന് 6000 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടി വരും.

ഇന്ധന വില ജി.എസ്.ടിയില്‍ ഉള്‍പ്പെട്ടാല്‍ പെട്രോളിന്റെ അടിസ്ഥാന വിലയായ 39 രൂപയുടെ 28 ശതമാനം ആകും പരമാവധി നികുതി. അങ്ങനെ വരുമ്പോള്‍
10.92 രൂപയുടെ പകുതി മാത്രമാകും കേരളത്തിന് ലഭിക്കുക. അതായത് 5.46 രൂപയായിരിക്കും സംസ്ഥാനത്തിന് ലഭിക്കുക. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് ലഭിക്കുന്ന നികുതി 24 രൂപയാണ്. ജി.എസ്.ടി.നടപ്പാക്കുന്നത് മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാനകുറവ് പരിഹരിക്കാന്‍ കേന്ദ്രം വ്യവസ്ഥ ചെയ്ത നഷ്ടപരിഹാര പാക്കേജ് അടുത്തവര്‍ഷം ജൂണില്‍ അവസാനിക്കുകയാണ്. അത് അഞ്ച് വര്‍ഷം കൂടി തുടരണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. അതും നാളത്തെ യോഗത്തില്‍ സംസ്ഥാനം ഉന്നയിച്ചേക്കും.

കൊവിഡ് വ്യാപനമുണ്ടായതിന് ശേഷം ഇതാദ്യമായാണ് ജി.എസ്.ടി.കൗണ്‍സില്‍ നേരിട്ട് ചേരുന്നത്. ഇതിന് മുമ്പ് ഓണ്‍ലൈന്‍ യോഗങ്ങളാണ് നടന്നിരുന്നത്. നാളെ ലക്നോവിലാണ് യോഗം ചേരുന്നത്.പെട്രോളിയം ഉല്‍പന്നങ്ങളുടെ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുന്നതിന് പുറമെ അവശ്യമരുന്നുകളുടെ നികുതിയൊഴിവ് ഡിസംബര്‍ വരെ നീട്ടുന്നതും യോഗത്തിന്റെ അജണ്ടയിലുണ്ട്. കേരള മാതൃകയില്‍ പ്രളയസെസ് പിരിക്കാന്‍ ആസാം സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതും ജി.എസ്.ടി.ക്ക് ഏകീകൃത വെബ് പോര്‍ട്ടല്‍ സംവിധാനം കൊണ്ടുവരുന്നതും നാളത്തെ യോഗത്തിലുണ്ട്.

പെട്രോള്‍, ഡീസല്‍, പാചകവാതകം, വിമാന ഇന്ധനം തുടങ്ങിയവ ജി.എസ്.ടി. പരിധിയില്‍ കൊണ്ടുവരാനാണ് നീക്കം. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുള്ള സാഹചര്യത്തിലും നികുതിവരുമാനം കുറയുമെന്ന ആശങ്ക വിവിധ സംസ്ഥാനങ്ങള്‍ക്കുള്ളതിനാലും ജി.എസ്.ടി. കൗണ്‍സില്‍ ഉടനടി തീരുമാനമെടുക്കുമോയെന്നു വ്യക്തമല്ല. അതേസമയം, ജി.എസ്.ടി. ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ് ഇതു സംബന്ധിച്ച ഹര്‍ജിയില്‍ ജൂണില്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിനെത്തുടര്‍ന്നാണ് വിഷയം കൗണ്‍സിലിന്റെ അജണ്ടയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.