കോവിഡ് ബാധിച്ച് കേന്ദ്ര മന്ത്രി മരിച്ചു, രാജ്യത്ത് കോവിഡ് കേസുകള്‍ കുതിക്കുന്നു

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് കേന്ദ്ര റെയില്‍വെ സഹമന്ത്രിയും കര്‍ണാടകയില്‍ നിന്നുമുള്ള ബിജെപി എംപിയുമായ സുരേഷ് അംഗഡി മരിച്ചു. 65 വയസായിരുന്നു. കോവിഡ് ബാധിച്ച് അദ്ദേഹം ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ ആയിരുന്നു.ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഭാര്യ: മംഗള്‍ അംഗഡി. മക്കള്‍: സ്പൂര്‍ത്തി, ശ്രദ്ധ.

പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി സെപ്റ്റംബര്‍ 11നാണ് സുരേഷ് അംഗഡിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ നിരീക്ഷണത്തില്‍ പോയ അദ്ദേഹം പിന്നീട് എയിംസില്‍ ചികിത്സ തേടി. 2004 മുതല്‍ കര്‍ണാടകയിലെ ബെലഗാവി (ബെല്‍ഗാം)മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുരേഷ് അംഗഡി താഴെതട്ടില്‍ നിന്നുയര്‍ന്ന് ദേശീയ തലത്തിലെത്തിയ നേതാവാണ്. 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വി.എസ്. സാധുനാവറിനെ നാലുലക്ഷത്തില്‍ പരം വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

Loading...

സുരേഷ് അംഗഡിയയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും രംഗത്തെത്തി.സുരേഷ് അംഗഡിയുടെ മരണം ഞെട്ടിക്കുന്നതായിരുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിഡ് ട്വീറ്റ് ചെയ്തു. ഒരു നല്ല നേതാവായ അംഗഡി സ്വന്തം മണ്ഡലമായ ബെലഗാവിലെ ജനങ്ങള്‍ക്കായി അശ്രാന്തമായി പ്രവൃത്തിച്ചുവെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടകയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഠിനമായി പരിശ്രമിച്ച അസാധാരണമായ ഒരു വ്യക്തിയായിരുന്നു അംഗഡിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. അംഗഡി മികച്ച എംപിയും പ്രഭാവമുള്ള മന്ത്രിയുമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം സങ്കടകരമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.