തിരുവനന്തപുരം: ചർച്ചകൾക്കും വിമർശനങ്ങൾക്കും പിന്നാലെ കലോത്സവ പാചകത്തില്‍ നിന്നും പഴയിടം മോഹനന് നമ്പൂതിരി പിന്മാറിയത് വിവാദമാക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കോഴിക്കോട് കലോത്സത്തില്‍ ഏല്‍പ്പിച്ച ജോലി അദ്ദേഹം കൃത്യമായി നിര്‍വഹിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു പരാതിയുമില്ല. ടെന്‍ഡര്‍ പ്രകാരം ഒന്നാമതെത്തിയ വ്യക്തിയാണ് പഴയിടം.
സാമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റിടുന്നവര്‍ കാര്യങ്ങള്‍ അറിഞ്ഞുവേണം പ്രതികരിക്കാന്‍. ചിലരുടെ അഭിപ്രായം അദ്ദേഹത്തെ വേദനിപ്പിച്ചെന്നുവേണം കരുതാന്‍. ‘കേരളത്തിന്റെ അഭിപ്രായം ഒന്നോ രണ്ടോ പേരുടേതല്ലെന്നും മന്ത്രി പറഞ്ഞു. തനിക്കെതിരെ സാമൂഹ മാദ്ധ്യമങ്ങളില്‍ നടന്ന പ്രചരണം തന്നെ വേദനിപ്പിച്ചെന്ന് പഴയിടം നമ്പൂതിരി പറഞ്ഞിരുന്നു. പിന്നാലെ അടുത്തവർഷം ഭക്ഷണം വിളമ്പാൻ താൻ ഉണ്ടാകില്ലെന്നും അറിയിച്ചു.
കഴിഞ്ഞ ദിവസം കലോത്സവത്തിന്റെ കൊടിയിറങ്ങിയപ്പോള്‍ അടുത്ത വര്‍ഷം മുതല്‍ നോണ്‍വിഭവങ്ങളും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ പ്രഖ്യാപനം നടത്തിയിരുന്നു. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു പഴയിടത്തിന്റെ പിന്മാറ്റം.