പനജി: കടകളില്‍ ഒളിക്യാമറകള്‍ സ്ഥാപിക്കുന്നത് പലപ്പോഴും കള്ളന്മാരെ പിടിക്കുന്നതിനും, മറ്റ് കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനും ഉപയോഗപ്രദമാകും. എന്നാല്‍ സ്ത്രീകള്‍ വസ്ത്രം ഇട്ടു നോക്കാനുള്ള മുറിയില്‍ ഒളിക്യാമറ സ്ഥാപിക്കുന്നത് അത്ര സദുദ്ദേശത്തോടെ ആയിരിക്കില്ല. വസ്‌ത്രശാലയില്‍ വസ്‌ത്രം ഇട്ടു നോക്കാനുള്ള മുറിയില്‍ ഒളിക്യാമറ കണ്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്‌മൃതി ഇറാനി പൊലീസിന് പരാതി നല്‍കി. ഗോവയിലെ പ്രമുഖ വസ്‌ത്രാലയത്തിന്റെ ഡ്രസിങ്ങ് റൂമിലാണ് മന്ത്രി ഒളിക്യാമറ കണ്ടെത്തിയത്. മന്ത്രിയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
ബിജെപി ഭരിക്കുന്ന സംസ്‌ഥാനമായ ഗോവയില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു മന്ത്രി. തുടര്‍ന്ന് ഗോവയിലെ കാന്‍ഡോളിം എന്ന സ്‌ഥലത്തെ പ്രമുഖ വസ്‌ത്രാലയത്തിലെത്തി തുണി വാങ്ങിയ ശേഷം അത് ഇട്ടു നോക്കാനുളള മുറിയില്‍ കയറിയപ്പോഴാണ് അവിടെ ഒളിക്യമാറ കണ്ടെത്തിയത്.
തുടര്‍ന്ന് മന്ത്രിയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തു. വസ്‌ത്രം മാറുന്ന മുറിയില്‍ ഒറ്റനോട്ടത്തില്‍ ശ്രദ്ധയില്‍പെടാത്ത രീതിയിലായിരുന്നു ക്യാമറ.
പൊലീസ് അന്വേഷണം തുടങ്ങിയതോടെ വസ്‌ത്രശാല അധികൃതര്‍ ഒളിവിലാണ്. വസ്‌ത്രശാലയിലെത്തിയ പൊലീസ് ക്യാമറകളും കംപ്യൂട്ടറുകളും പിടിച്ചെടുത്തു.
ഏതാണ്ട് നാലുമാസമായി ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തിനു ശേഷം പൊലീസ് പറഞ്ഞു.