സിഎ വിദ്യാർഥിനി മിഷേലിന്‍റെ മരണം അന്വേഷിച്ച പോലീസിനു ഗുരുതര വീഴ്ച്ച, പ്രതീഷേധം വ്യാപകമാകുന്നു

കൊച്ചി: സിഎ വിദ്യാർഥിനിയെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിനു ഗുരുതര വീഴ്ച്ച സംഭവിച്ചതായി സൂചന. പിറവം സ്വദേശി ഷാജിയുടെ മകൾ മിഷേലിനെയാണ് കഴിഞ്ഞ തിങ്കളാഴ്ച്ച കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാക്കി ഒതുക്കി തീർക്കാനാണ് പോലീസിന്‍റെ ശ്രമം. ഇത് ആരെ സംരക്ഷിക്കാനാണെന്ന ആശങ്കയിലാണ് കുടുംബാഗങ്ങൾ. ഇതിനിടെ മിഷേലിന്‍റെ മരണത്തിന്‍റെ ചുരുൾ അഴിക്കണമെന്നാവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്നുള്ളവർ രംഗത്തെത്തി.

മിഷേലിന്‍റെ മരണം അന്വേഷിക്കണമെന്ന വീട്ടുകാരുടെ ആവശ്യത്തിനൊപ്പം നില്‍ക്കുന്നുവെന്ന് നടന്‍ നിവിന്‍ പോളി ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു. ‘അധികാരികള്‍ ഉണരുക, ദൈവത്തിന്‍റെ മക്കളൊന്നും ഇത്തരത്തില്‍ നിസാരമായി അവസാനിച്ചുപോകരുത്’ നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു. ഒരു കുടുംബത്തിന്‍റെ പ്രതീക്ഷ തകര്‍ത്താണ് ആ പെണ്‍കുട്ടിയുടെ വിയോഗമെന്നും നീതിക്കായുള്ള കുടുംബത്തിന്‍റെ പോരാട്ടത്തെ പിന്തുണയ്ക്കണമെന്നും നിവിന്‍ പോളി പറയുന്നു.

മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മധ്യമേഖലാ ഐ ജി യോടും ആവശ്യപ്പെട്ടതായി എംഎല്‍എ അറിയിച്ചു. കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്നും പള്ളിയില്‍ പോകാനിറങ്ങിയ മിഷേല്‍ മരിച്ച നിലയില്‍ കായലില്‍ കാണപ്പെട്ട സംഭവം ദുരൂഹതയുണര്‍ത്തുന്നതാണ്. എന്നാല്‍ ആത്മഹത്യയാക്കി എഴുതിത്തള്ളാന്‍ പോലീസ് ശ്രമിക്കുകയായിരുന്നു.
ഇതിനിടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാളെ പിറവം നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബിന്‍റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും.