സിഎ വിദ്യാർഥിനി മിഷേലിനെ കൊന്നു കായലിൽ തള്ളിയതെന്നു സൂചന, പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും സിസി ടിവി ദൃശ്യങ്ങളിലും നിർണായക വിവരങ്ങൾ

കൊച്ചി: പതിനെട്ടുകാരിയായ സിഎ വിദ്യാർഥിനിയെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു സൂചന.
പിറവം സ്വദേശി ഷാജിയുടെ മകൾ മിഷേലിനെയാണ് മറൈൻഡ്രൈവിനു സമീപത്തെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയിലായിരുന്നു മൃതദേഹം കണ്ടത്. സംഭവം ആത്മഹത്യയാണെന്ന നിലയിൽ കേസ് ഒതുക്കാനുള്ള ശ്രമത്തിനിടെ കൊലപാതകത്തിനു വ്യക്തമായ തെളിവുകളാണ് പുറത്തു വരുന്നത്.
സിഎ വിദ്യാർഥിനിയായ മിഷേൽ കച്ചേരിപ്പടിക്കു സമീപത്തെ ലേഡീസ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.

ഞായറാഴ്ച്ച വൈകിട്ട് അഞ്ചോടെ കലൂർ പള്ളിയിലേക്ക് പോയി വരാമെന്നു പറഞ്ഞ മിഷേലിനെ പിന്നീട് ആരും കണ്ടിട്ടില്ല. പള്ളിയിലേക്ക് പോകുമ്പോൾ മിഷേൽ പതിവു പോലെ പ്രസന്ന വതിയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. 6.12ന് മിഷേൽ പള്ളിയിൽ നിന്നും പുറത്തിറങ്ങിയതായി കലൂർ പള്ളിയിലെ സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. 6.19 ഓടെ മിഷേലിന്‍റെ ഫോൺ സ്വിച്ച് ഓഫായി.
അതേസമയം മിഷേലിന്‍റെ ഫോണിലേക്ക് അവസാനമായി വന്ന ഫോൺ‌ നമ്പർ പിറവം പാലച്ചുവടിനു സമീപമുള്ള യുവാവിന്‍റേതാണെന്നു വ്യക്തമായിട്ടുണ്ട്. ഇയാൾ മുൻപും മിഷേലിനെ ശല്യം ചെയ്തിരുന്നതായി രക്ഷിതാക്കൾ പറയുന്നു. കാണാതായ ഞായറാഴ്ച്ച പള്ളിയിൽ നിന്നിറങ്ങിയ സമയത്ത് ബൈക്കിലെത്തിയ രണ്ട് പേർ മിഷേലിനെ പിന്തുടരുന്നതായി സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. ഇത് ഈ യുവാവ് തന്നെ ആയിരിക്കാനാണ് സാധ്യത.
മിഷേലിനെ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറും സംശയാസ്പദമായ ഒട്ടേറെ വിവരങ്ങൾ പങ്കു വയ്ക്കുന്നുണ്ട്. ഞായറാഴ്ച്ച കാണാതായ മിഷേലിന്‍റെ മൃതദേഹം തിങ്കളാഴ്ച്ചയാണ് കായലിൽ നിന്നും കിട്ടുന്നത്. കടലിനോട് ചേർന്നു കിടക്കുന്ന കായലിൽ ഒരു രാത്രിയും പകലും മൃതദേഹം കിടന്നിട്ടും ഒരു മീൻ പോലും വൃതദേഹത്തിൽ കൊത്തിയിട്ടില്ല. മിഷേലിന്‍റെ ചുണ്ടിൽ മാത്രമാണ് പരുക്കുള്ളതായി കാണുന്നത്. ഇതിനു പിന്നിൽ ബലാത്സഗം ശ്രമാണോ എന്നു സംശയിക്കുന്നതായും ഡോക്ടർ പറയുന്നു. വെള്ളം ഉള്ളിൽ ചെന്നല്ല മിഷേലിന്‍റെ മരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. പുറത്ത് എവിടെ നിന്നെങ്കിലും കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം കായലിൽ ഉപേക്ഷിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Loading...

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് ഷാജി എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.  തന്‍റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും ഏതുകാര്യത്തെയും ധൈര്യത്തോടെ നേരിടുന്നവളാണെന്നും പിതാവ് പറയുന്നു. കാണാതായ ദിവസം വൈകിട്ട് 6.12 നാണ് മിഷേൽ കലൂർ പള്ളിയിൽ നിന്നും പുറത്തിറങ്ങുന്നത്. സംഭവത്തിന് ഒരാഴ്ച മുമ്പ് മിഷേലിനെ ഒരു യുവാവ് വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞിരുന്നതായി കൂട്ടുകാരോടും വീട്ടുകാരോടും പറഞ്ഞിരുന്നു. ഉന്നത നിലയിൽ സിഎ പരീക്ഷ പാസാകുക മാത്രമാണു തന്‍റെ മുൻപിലുള്ള ലക്ഷ്യമെന്നും മകൾ പറഞ്ഞിരുന്നതായി ഷാജി പറഞ്ഞു. പിറവത്ത് ഇലക്ട്രിക്കൽ സ്ഥാപനം നടത്തുന്ന ഷാജിയും കുടുംബവും ഏതാനും വർഷങ്ങളായി പിറവത്തു വാടകയ്ക്കു താമസിക്കുകയായിരുന്നു.

അഞ്ചാം ക്ലാസുവരെ പിറവത്തെ കിഡ്സ് കിങ്ഡം പബ്ലിക് സ്കൂളിൽ പഠിച്ച മിഷേൽ പ്രായത്തിനതീതമായ ബുദ്ധിയും പക്വതയും പ്രകടിപ്പിച്ചിരുന്നതായി സ്കൂൾ അധികൃതർ പറയുന്നു. ഇലഞ്ഞി സെന്‍റ് ഫിലോമിനാസിൽ പഠിച്ചിരുന്ന മിഷേൽ രണ്ടുവർഷം സ്കൂൾ വിദ്യാർഥികളുടെ ചെയർപഴ്സനായിരുന്നു. അധ്യാപകർക്കും അയൽവാസികൾക്കും സഹപാഠികൾക്കും ബന്ധുക്കൾക്കും മിഷേലിനെക്കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളൂ. എഴുതിയ പരീക്ഷകളിലൊക്കെ ഉന്നത വിജയം എന്നും മിഷേൽ നേടിയിരുന്നു.