കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ നിന്നും കാണാതായ എഎസ്ഐ തിരികെ വീട്ടിലെത്തി. ഹാര്‍ബര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉത്തംകുമാറാണ് തിരിച്ചെത്തിയത്. ഇന്ന് രാവിലെയോടെയാണ് ഇദ്ദേഹം വീട്ടിലെത്തിയത്. ഉത്തംകുമാറിനെ കാണാനില്ലെന്ന് പൊലീസ് പരാതിയുണ്ടായിരുന്നു. ഉത്തംകുമാറിന്റെ ഭാര്യയാണ് പോലീസില്‍ പരാതി നല്‍കിയിത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ മുതലായിരുന്നു ഉത്തംകുമാറിനെ കാണാതായത്.
സിഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്തിലാണ് ഉത്തംകുമാര്‍ നാടുവിട്ടതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. അതേസമയം വ്യാഴാഴ്ച്ച ഡ്യൂട്ടിയ്ക്ക് വൈകിയെത്തിയതിന് സി ഐ ഹാജര്‍ ബുക്കില്‍ ഉത്തംകുമാര്‍ അബ്സെന്റ് ആണെന്ന് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഉത്തംകുമാര്‍ വീട്ടില്‍ മടങ്ങി എത്തുകയും ചെയ്തു. എന്നാല്‍ വൈകിട്ടോടെ ഇദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചു. സംഭവത്തില്‍ വിശദീകരണം നല്‍കാനായി പോലീസ് സ്റ്റേഷനിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഉത്തംകുമാറിനെ പിന്നീട് കാണാതാകുകയായിരുന്നു.