18 കൊല്ലം തേടി നടന്നു…; ഒടുവില്‍ 14 കാരന്റെ മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ വാട്ടര്‍ടാങ്കില്‍ നിന്ന്

ന്യൂഡല്‍ഹി: എവിടെയെങ്കിലും അവന്‍ ജീവിച്ചിരിപ്പുണ്ടാകുമെന്നായിരുന്നു ആ കുടുംബത്തിന്റെ പ്രതീക്ഷ. എല്ലാ മാസവും ജോലിയില്‍ നിന്ന് അവധിയെടുത്ത് വിവിധയിടങ്ങളിലേക്ക് യാത്രചെയ്യുമ്പോള്‍ അവനെ കണ്ടെത്താനാകുമെന്ന് ഷൗക്കത്തലിക്കും വിശ്വാസമുണ്ടായിരുന്നു. പക്ഷേ, കഴിഞ്ഞ ബുധനാഴ്ചയോടെ പ്രതീക്ഷകള്‍ അസ്തമിച്ചു. തങ്ങളുടെ പൊന്നോമനയായ ജാവേദ് അലിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ വിതുമ്പുകയാണ് ഈ മൂന്നംഗ കുടുംബം.

ഡല്‍ഹിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ ഷൗക്കത്തലിയുടെ മകന്‍ ജാവേദ് അലി(14)യെ 2000 ജൂണ്‍ 22നാണ് കാണാതായത്. വീടിന് സമീപത്തെ കടയിലേക്ക് പോയ ജാവേദ് അലി പിന്നീട് തിരിച്ചുവന്നില്ല. മകനെ തേടി ഷൗക്കത്തലിയും കുടുംബവും ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പോലീസ് അന്വേഷണത്തിലും 14 വയസുകാരന്റെ തിരോധാനം ദുരൂഹമായി നിലനിന്നു.

മകനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകുമെന്നായിരുന്നു ഷൗക്കത്തലി തുടക്കം മുതലേ കരുതിയിരുന്നത്. പോലീസ് അന്വേഷണം വഴിമുട്ടിയപ്പോള്‍ ഷൗക്കത്തലി സ്വന്തം നിലയില്‍ തിരച്ചില്‍ ആരംഭിച്ചു. ഇതിനായി എല്ലാമാസവും ജോലിയില്‍ നിന്ന് അവധിയെടുത്ത് രാജ്യത്തെ വിവിധയിടങ്ങളില്‍ സഞ്ചരിച്ചു. ഭിക്ഷക്കാര്‍ക്കിടയിലും തെരുവുകളിലും മകനെ തേടി. കഴിഞ്ഞ പതിനെട്ടുവര്‍ഷമായി ഈ യാത്രകളും അന്വേഷണവും തുടര്‍ന്നു. ഷൗക്കത്തലിയെ സഹായിക്കാനായി ജാവേദിന്റെ സുഹൃത്തുക്കളായ പങ്കജും ധീരജും അദ്ദേഹത്തിനൊപ്പം ചേര്‍ന്നു. പക്ഷേ, പലയിടത്തും തിരഞ്ഞിട്ടും ജാവേദ് അലിയോട് സാദൃശ്യമുള്ള ഒരാളെപ്പോലും കണ്ടെത്താനായില്ല.

ജാവേദിനെ തേടിയുള്ള അന്വേഷണം തുടരുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് ഏവരെയും ഞെട്ടിച്ച സംഭവമുണ്ടായത്. ഷൗക്കത്തലിയുടെ വീടിനടുത്തുള്ള ഉപയോഗശൂന്യമായ വാട്ടര്‍ ടാങ്കില്‍ നിന്ന് ഒരു അസ്ഥികൂടവും വസ്ത്രങ്ങളും കണ്ടെത്തിയതോടെ കേസില്‍ നര്‍ണായക വഴിത്തിരിവുണ്ടായി. കാണാതായദിവസം ജാവേദ് അലി ധരിച്ചിരുന്ന നീല ടീഷര്‍ട്ടും കാക്കി ട്രൗസറുമാണ് വാട്ടര്‍ ടാങ്കില്‍ നിന്ന് കണ്ടെത്തിയത്. ഇതോടൊപ്പം മൃതദേഹാവശിഷ്ടങ്ങളും ലഭിച്ചു.