കാണാതായ മലയാളി ദമ്പതികൾ മതപഠനത്തിനായി യെമനിൽ; അന്വേഷണം എൻഐഎയ്‌ക്ക് കൈമാറും

കാസർകോട്: കാസർകോട് സ്വദേശികളായ ദമ്പതികളെയും കുട്ടികളെയും കാണാതായ സംഭവത്തിൽ അന്വേഷണം എൻഐഎയ്‌ക്ക് കൈമാറും. കുടുംബം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നുവെന്ന സൂചനയെ തുടർന്നാണ് അന്വേഷണം കേന്ദ്ര ഏജൻസിയ്‌ക്ക് കൈമാറാൻ ഉദ്ദേശിക്കുന്നത്. മതപഠനത്തിനായി ഇവർ യെമനിൽ എത്തിയതായാണ് സ്ഥിരീകരണം. നിലവിൽ യെമനിലേക്ക് പോകുന്നതിന് ഇന്ത്യക്കാർക്ക് വിലക്കുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ഇവർ യെമനിൽ എത്തിയത് എന്നതുൾപ്പെടെ അറിയേണ്ടതുണ്ട്.

ഉദിനൂർ സ്വദേശികളായ മുഹമ്മദ് ഷബീർ, ഭാര്യ റിസ്വാന ഇവരുടെ നാല് മക്കൾ എന്നിവരെയാണ് ദുബായിൽ നിന്നും കാണാതായത്. യെമനിൽ എത്തിയ ശേഷം ഇവർ ആരെല്ലാമായി ബന്ധപ്പെട്ടു, ഇവരുടെ യഥാർത്ഥ ഉദ്ദേശം എന്താണ് തുടങ്ങിയ കാര്യങ്ങളും എൻഐഎ അന്വേഷണ വിധേയമാക്കും. കുടുംബത്തിന് പുറമേ പടന്ന സ്വദേശികളായ രണ്ട് യുവാക്കളും യെമനിൽ എത്തിയതായി വിവരമുണ്ട്. ഇവരെക്കുറിച്ചും എൻഐഎ അന്വേഷിക്കും

Loading...

കുടുംബം യെമനിൽ മതപഠനത്തിന് എത്തിയെന്ന വിവരം ലഭിച്ചതിന് പിന്നാലെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് അന്വേഷണം എൻഐഎയ്‌ക്ക് കൈമാറുന്നത്. ഷബീറും കുടുംബവും വർഷങ്ങളായി ദുബായിൽ ആയിരുന്നു. നാല് മാസങ്ങൾക്ക് മുൻപാണ് ഇവർ അവസാനമായി കുടുംബവുമായി ബന്ധപ്പെടുന്നത്. തുടർന്ന് ഇതുവരെ ഇവരെക്കുറിച്ച് കുടുംബത്തിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.