കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞ ഹംസയെ കണ്ടെത്തി; മിംസ് ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നു

കരിപ്പൂർ വിമാനദുരന്തത്തിനിടെ കാണാതായെന്ന് ബന്ധുക്കൾ പറഞ്ഞ യാത്രക്കാരനെ കണ്ടെത്തി. കുറ്റിപ്പുറം ചോയിമഠത്തിൽ ഹംസയെ ആണ് കണ്ടെത്തിയത്. മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഹംസയെ കാണാനില്ലെന്ന് ബന്ധുക്കൾ മലപ്പുറം ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഹംസ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. ആശുപത്രി അധികൃതർക്ക് വ്യക്തമായി പേര് ചോദിച്ചറിയാൻ കഴിയാത്തതിനാൽ ഇദ്ദേഹത്തിന്റെ പേര് ആശുപത്രി പുറത്തിറക്കിയ പട്ടികയിലുണ്ടായിരുന്നില്ല.

Loading...

അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോൾ ബോധമുണ്ടായിരുന്നില്ല. ആംബുലൻസിൽ കൊണ്ടുവന്നയാൾ ചോദിച്ച്‌ പറഞ്ഞ പേരാണ് പല ആശുപത്രികളും രേഖപ്പെടുത്തിയത്. സിറാജ് എന്നാണ് ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ പേര് എഴുതിയിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം മിംസിലില്ല എന്ന് കരുതി ബന്ധുക്കൾ മറ്റ് ആശുപത്രികളിലേക്ക് പോയി.

രാത്രി മുഴുവൻ ഇദ്ദേഹത്തെ തെരഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ആശുപത്രികളിൽ ബന്ധുക്കൾ കയറിയിറങ്ങുകയായിരുന്നു. മെഡിക്കൽ അത്യാവശ്യത്തിനായി നാട്ടിലേക്ക് വരികയായിരുന്നു. കുറ്റിപ്പുറത്താണ് വീട്. എല്ലാ ആശുപത്രികളിലും കയറിയിറങ്ങി. ഇനി ഒരു ക്ലിനിക്ക് പോലും ബാക്കിയില്ല. അങ്ങനെ എല്ലാ ആശുപത്രിയിലും പോയിട്ടുണ്ട്. എന്നിട്ടും കണ്ടെത്തിയിട്ടില്ല എന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ഭീതിയോടെ ആശുപത്രികൾക്ക് മുന്നിലും വിമാനത്താവളത്തിലും നിൽക്കുന്ന ഇദ്ദേഹത്തിന്റെ ബന്ധുക്കളുടെ മുഖം കാണുന്നവരിലും വേദനയുണ്ടാക്കി.

രാവിലെയായിട്ടും അദ്ദേഹത്തെ കാണാതായപ്പോൾ ജില്ലാ കലക്ടറോടും മന്ത്രിയോടും ബന്ധുക്കൾ പരാതി ഉന്നയിച്ചു. ഇതോടെ വീണ്ടും എല്ലാ ആശുപത്രികളും പട്ടിക വീണ്ടും പരിശോധിച്ചു. അങ്ങനെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

അതേസമയം, കരിപ്പൂരിൽ വിമാനം തകർന്ന് മരിച്ചവരുടെ എണ്ണം 19 ആയി. 172 പേർക്ക് പരിക്കേറ്റു. ഇവരിൽ 16 പേരുടെ നില ഗുരുതരമാണ്. ദുബൈയിൽ നിന്ന് വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയാണ് തകർന്നത്. വിമാനത്തിന് തീപിടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം കോവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും നടത്തുക.