ജയിലിലെ ഭക്ഷണവും സുഹൃത്തുക്കളെയും മിസ് ചെയ്തു, ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മോഷണം നടത്തി ജയിലിലെത്തി

ജയില്‍ ഉപേക്ഷിച്ചു പോവാന്‍ കഴിയില്ലെന്നു പറഞ്ഞ് ജാമ്യത്തിലിറങ്ങിയ പ്രതി അകത്തു കിടക്കാന്‍ മോഷണം നടത്തി. ചെന്നൈയിലെ 52 വയസ്സുകാരനായ ജ്ഞാനപ്രകാശമാണ് തനിക്ക് ജയില്‍ ഉപേക്ഷിച്ച് പോകാനാവില്ലെന്ന് പറഞ്ഞത്. ബൈക്കും പെട്രോളും മോഷ്ടിച്ചാണ് ഇയാള്‍ വീണ്ടും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലത്തേയ്ക്ക് തിരികെ വന്നത്.

ജയില്‍ വീടുപോലെയാണ്, മൂന്നുനേരം ഭക്ഷണം, നല്ല കൂട്ടുകാര്‍ ഇതൊക്കെയാണ് ജയിലിനെ കുറിച്ച് ജ്ഞാനപ്രകാശത്തിന് പറയാനുള്ളത്. എന്നാല്‍ മോഷണക്കേസിലെ ശിക്ഷ കഴിഞ്ഞ് ജൂണ്‍ 29-ന് സ്വന്തം വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ക്ക് വീണ്ടും ജയില്‍ മിസ് ചെയ്യാന്‍ തുടങ്ങിയത്. വീട്ടിലെത്തിയപ്പോള്‍ ഭാര്യയുടേയും മക്കളുടേയും ഉപദ്രവം സഹിക്കാന്‍ വയ്യ. അപ്പോഴാണ് പ്രകാശത്തിന് ജയിലിലെ അന്തരീക്ഷവും കൂട്ടുകാരുമാണ് നല്ലതെന്ന് തോന്നിയത്. തുടര്‍ന്ന് വീണ്ടും ജയിലിലെത്താനുള്ള ശ്രമവും തുടങ്ങി.

കൈലാസപുരത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്ക് മോഷ്ടിച്ചാണ് ജ്ഞാനപ്രകാശം തന്റെ ജയിലിലേയ്ക്കുള്ള വഴി വീണ്ടും തുറന്നത്. ഇതിനായി സിസിടിവി സ്ഥാപിച്ച സ്ഥലം തന്നെ തിരഞ്ഞെടുത്ത് മോഷണം നടത്തി. മോഷ്ടിച്ച ബൈക്കുമായി പോകുമ്പോള്‍ ഇന്ധനം കഴിഞ്ഞപ്പോള്‍ മറ്റുവാഹനങ്ങളില്‍നിന്ന് പെട്രോളും മോഷ്ടിച്ചു. ഇതോടെ നാട്ടുകാര്‍ ജ്ഞാനപ്രകാശത്തെ പടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. സ്റ്റേഷനിലെത്തിയപ്പോള്‍ തങ്ങളോട് ജ്ഞാനപ്രകാശം പറഞ്ഞ കഥ കേട്ട് പോലീസുകാരും ഞെട്ടി.