കോട്ടയം നാട്ടകത്ത് കണ്ടെത്തിയ അസ്ഥികൂടം കാണാതായ ബാര്‍ ജീവനക്കാരന്റേത്, ദുരൂഹതയെന്ന് ബന്ധുക്കള്‍

കോട്ടയം: കോട്ടയത്ത് നാട്ടകം മാറിയ പള്ളിയിൽ കണ്ടെത്തിയ അസ്ഥിക്കൂടം വൈക്കത്തു നിന്ന് കാണാതായ യുവാവിൻ്റേത്. മരിച്ചത് കുടവെച്ചൂർ സ്വദേശി 23 കാരനായ ജിഷ്ണു ഹരിദാസിന്റേതെന്ന് സ്ഥിരീകരിച്ചു. കുമരകത്തെ ബാർ ജീവനക്കാരനായിരുന്ന ജിഷ്ണുവിനെ കഴിഞ്ഞ മൂന്നാം തീയതി മുതലാണ് കാണാതായത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.കഴിഞ്ഞ ജൂൺ മൂന്നു മുതലാണ് ജിഷ്ണുവിനെ വീട്ടിൽ നിന്നും കാണാതായത്.

കുമരകത്തെ ബാർ ജീവനക്കാരനായ ജിഷ്ണു, ജോലിയ്‌ക്കെന്ന പേരിൽ വീട്ടിൽ നിന്നു പോകുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാതെ വന്നതോടെയാണ് ബന്ധുക്കൾ വൈക്കം പൊലീസിൽ പരാതി നൽകിയത്. പരാതി നൽകി പൊലീസ് പരിശോധന നടത്തിയിട്ടും ജിഷ്ണുവിനെ കണ്ടെത്താൻ സാധിച്ചില്ല.വെള്ളിയാഴ്ച രാവിലെ നാട്ടകം മറിയപ്പള്ളി ഇന്ത്യ പ്രസിനു സമീപത്തെ പറമ്പ് വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. ഈ അസ്ഥികൂടത്തിന് സമീപത്തു നിന്നും രണ്ടു മൊബൈൽ ഫോണുകളും പഴ്സും വസ്ത്രങ്ങളും കണ്ടെത്തി.

Loading...

ഷർട്ട് മരത്തിൽക്കെട്ടി കുരുക്കിട്ട നിലയിലുമായിരുന്നു.
തുടർന്നു, കാണാതായ ആളുകളെ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണത്തിലാണ് വൈക്കം പൊലീസ് സ്റ്റേഷനിൽ നിന്നും കാണാതായവരുടെ പട്ടിക പൊലീസ് ശേഖരിച്ചത്. തുടർന്നു, മരിച്ച ജിഷ്ണുവിനെ തിരിച്ചറിയുകയായിരുന്നു.മൊബൈൽ ഫോണും വസ്ത്രങ്ങളും പേഴ്സും ജിഷ്ണുവിന്റേതെന്ന് കുടുംബം തിരിച്ചറിഞ്ഞിട്ടുണ്ട്. ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. അസ്ഥികൂടം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ വൈക്കം പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു