എംഎൽഎ എത്തിയത് മണ്ഡല സന്ദർശനത്തിന്: ആശുപത്രിയില്‍ ഡോക്ടറില്ലെന്നറിഞ്ഞു: ആരോ​ഗ്യസ്ഥിതി വഷളായ ഗര്‍ഭിണിക്ക് ശസ്ത്രക്രിയ നടത്തിയത് എംഎല്‍എ

ഐസ്‌വാള്‍: തന്റെ മണ്ഡലത്തിലെ ഭൂചലന കെടുതി അനുഭവിക്കുന്നവരെ കാണാനെത്തിയ എംഎല്‍എ കെടുതി നോക്കികാണാതെ തന്നെ കൊണ്ട് ആവുന്ന വിധത്തിൽ സഹായം ചെയ്തു. ഡോക്ടറായ എംഎൽഎയാണ് തന്റെ ജനത്തിനുവേണ്ടി വീണ്ടും ഡോക്ടര്‍ കുപ്പായമണിഞ്ഞത്. മിസോറാമിലെ ചമ്പായ് ജില്ലയിലെ എംഎൽഎ തിയാംസംഗയാണ് സമയോചിതമായ ഇടപെടലിലൂ‍ടെ നല്ല പ്രവർത്തി ചെയ്തു കാണിച്ചത്. തിങ്കളാഴ്ചയാണ് ഡോക്ടറായ തിയാംസംഗ മണ്ഡലസന്ദര്‍ശനത്തിന് എത്തിയത്. ചമ്പായ് പ്രദേശത്തെ ഭുചലന മേഖലകള്‍ സന്ദര്‍ശിക്കാനും കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ആയിരുന്നു സന്ദർശനം.

ആശുപത്രിയില്‍ പ്രസവവേദന അനുഭവിക്കുന്ന യുവതിയെ ചികിത്സിക്കാന്‍ ഡോക്ടര്‍ ഇല്ലെന്ന വിവരം മണ്ഡല സന്ദര്‍ശനത്തിനിടെയാണ് തിയാംസംഗ അറിയുന്നത്. യുവതിയുടെ ആരോ​ഗ്യസ്ഥിതി വഷളായതോടെ മറ്റ് ആശുപത്രിയിലേക്കും കൊണ്ടു പോകാനായില്ല. ഈ സാഹചര്യത്തിലാണ് എംഎല്‍എ ആശുപത്രിയിലെത്തി യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിലെ ഡോക്ടര്‍ ലീവാണെന്നും ​ഗർഭിണിയുടെ ആരോഗ്യനില ഗുരുതരമാണെന്നും അറിഞ്ഞാണ് എംഎൽഎ സേവന താത്പര്യവുമായി മുന്നിട്ട് ഇറങ്ങിയത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ഡോക്ടർ ലീവിൽ പോയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Loading...

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യഘട്ടങ്ങളില്‍ ആളുകളെ സഹായിക്കുകയെന്നത് തന്റെ കടമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൈനക്കോളജിയിൽ വിദഗ്ധനായ എംഎൽഎ പലപ്പോഴും മണ്ഡലസന്ദര്‍ശന വേളയില്‍ സ്‌റ്റെതസ്‌കോപ്പ് കൈയില്‍ കരുതാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. താന്‍ എത്തുമ്പോള്‍ മുപ്പത്തിയെട്ടുകാരിയായ ഗര്‍ഭിണിക്ക് പ്രസവവേദന തുടങ്ങിയിരുന്നതായും രക്തസ്രാവത്തെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായിരുന്നെന്നും എംഎല്‍എ പറയുന്നു. മറ്റ് ആശുപത്രിയിലേക്ക് പോകാനും സാധിച്ചില്ല. ഉടന്‍ തന്നെ യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.