അവളെന്ന് വിളിച്ചത് ബഹുമാനത്തോടെ, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരും, ഒടുവില്‍ സബ് കളക്ടറോട് മാപ്പ് പറഞ്ഞ് എംഎല്‍എ

മൂന്നാര്‍: അനധികൃത നിര്‍മാണം തടഞ്ഞതോടെ ദേവികുളം സബ് കളക്ടര്‍ രേണി രാജിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദപ്രകടനുമായി എസ് രാജേന്ദ്രന്‍ എംഎല്‍എ. തന്റെ പരാമര്‍ശം സ്ത്രീ സമൂഹത്തെ വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘വീട്ടില്‍ ഭാര്യയേയും മക്കളേയും ‘അവള്‍’ എന്ന് വിളിക്കുന്നത് പതിവാണ്. അത്തരത്തിലാണ് സബ് കളക്ടര്‍ രേണുരാജിനെയും വിളിച്ചത്. ബഹുമാനത്തോടെയാണ് അവളെന്ന് വിളിക്കുന്നത്. തന്നെയുമല്ല ചെറിയകുട്ടിയാണ് സബ് കളക്ടര്‍. അതുകൊണ്ട് അങ്ങനെ വിളിക്കുന്നത് തെറ്റില്ലെന്നാണ് കരുതുന്നത്. എങ്കിലും സ്ത്രീസമൂഹത്തിന് തന്റെ പരാമര്‍ശത്തില്‍ വേദനയുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു’,-എസ് രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു.

ഖേദം പ്രകടിപ്പിച്ചതിനൊപ്പം സബ്കളക്ടര്‍ രേണു രാജ് സ്റ്റോപ് മെമ്മോ നല്‍കിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കില്ലെന്നും മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാരിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും റവന്യൂവകുപ്പിന്റെ എന്‍ഒസി വേണമെന്ന നിലപാട് അംഗീകരിക്കാനാകില്ല, എസ് രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എംഎല്‍എ തടഞ്ഞതും സബ് കലക്ടര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയതുമാണ് വിവാദമായത്. കെട്ടിട നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ് കലക്ടര്‍ക്ക് ബുദ്ധിയില്ലെന്നും ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു എംഎല്‍എയുടെ പരാമര്‍ശം