തിരുവനന്തപുരം/ കെകെ രമയ്ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് എംഎം മണി. താന്‍ മറ്റൊരുഉദ്ദേശത്തോടെ നടത്തിയ പ്രസ്താവനയല്ല. എന്നാല്‍ അത് വ്യാഖാനിക്കപ്പെട്ടത് മറ്റൊരു തരത്തിലാണ്. കമ്മ്യൂണിസ്റ്റ് കാരനായ താന്‍ വിധി എന്ന വാക്ക് ഉപയോഗിക്കുവാന്‍ പാടില്ലായിരുന്നെന്നും എംഎം മണി നിയമസഭയില്‍ പറഞ്ഞു.
വിവാദ പരാമര്‍ശത്തില്‍ സ്പീക്കറും അഭിപ്രായം വ്യക്തമാക്കിയതോടെയാണ് പരാമര്‍ശം എംഎം മണി പിന്‍വലിക്കുവാന്‍ തയ്യാറായത്. ഒരു വാക്കിന് സാഹചര്യങ്ങള്‍ മാറുമ്പോള്‍ പല അര്‍ത്ഥങ്ങള്‍ ഉണ്ടാകുമെന്നും എംഎം മണിയുടെ പരാമര്‍ശത്തില്‍ തെറ്റായ ഭാഗങ്ങള്‍ ഉണ്ടെന്നും സ്പീക്കര്‍ എംബി രാജേഷ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 14നാണ് വിവാദ പരാമര്‍ശം എംഎം മണി സഭയില്‍ നടത്തുന്നത്. വിവാദ പരാമര്‍ശം പിന്‍വലിച്ച് എംഎം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിലും പരാമര്‍ശം പിന്‍വലിക്കാന്‍ എംഎം മണിയോട് സിപിഐഎം ആവശ്യപ്പെട്ടിരുന്നു.