ഉത്തരേന്ത്യയില്‍ പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം

പശുവിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ വീണ്ടും ആള്‍കൂട്ട ആക്രമണം. പോലീസും നാട്ടുകാരും നോക്കി നില്‍ക്കെ ദില്ലിയ്ക്ക് സമീപം ഗുരുഗ്രാമില്‍ പശു ഇറച്ചി കടത്തി എന്നാരോപിച്ചു യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമം. ചുറ്റിക ഉപയോഗിച്ചും മരകക്ഷണങ്ങള്‍ ഉപയോഗിച്ചും ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവത്തില്‍ ഇത് വരെയും ആരെയും പിടികൂടിയിട്ടില്ല. അതേ സമയം യുവാവ് ഓടിച്ചിരുന്ന വാഹനത്തില്‍ ഉണ്ടായിരുന്ന മാംസം പോലീസ് പരിശോധനയ്ക്ക് അയച്ചു.

മനുഷ്യ മനസുകളെ മരവിപ്പിക്കുന്ന കാഴ്ച്ച. പശു ഇറച്ചി കൊണ്ട് പോകുന്നുവെന്നാരോപിച്ചു പിക്ക് അപ്പ് വാനിന്റെ ഡ്രൈവറിനെ അതി ക്രൂരമായാണ് ഒരു സംഘം ആളുകള്‍ ആക്രമിച്ചത് . ഉത്തരേന്തയിലെ കുപ്രസിദ്ധമായ ഗോ സംരക്ഷകസേനയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പകല്‍ ദില്ലി -ഹരിയാന അതിര്‍ത്തിയായ ഗുരുഗ്രമിലായിരുന്നു ആക്രമണം. ഹരിയാന സ്വദേശിയായ ലുക്ക്മാന്‍ എന്ന യുവാവ് ഓടിച്ചിരുന്ന പിക്ക് ആപ്പ് വാനിനെ 8 കിലോമീറ്റര്‍ പിന്തുടരുന്ന സംഘം വഴിയില്‍ തടഞ്ഞു വാഹനം അടിച്ചു തകര്‍ത്തു. യുവാവിനെ വലിച്ചു പുറത്തിട്ട് അതി ക്രൂരമായി മര്‍ദിച്ചു.

Loading...

ചുറ്റിക ഉപയോഗിച്ചു തലക്ക് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അടിച്ചു മൃതപ്രായനാക്കിയ ശേഷം വാഹനത്തില്‍ കെട്ടിയിട്ട് ബാദ്ഷാപൂര്‍ എന്ന ഗ്രാമത്തില്‍ കൊണ്ട് പോയും മര്‍ദിച്ചു. ആക്രമണത്തിന് ഇരയായ ലുക്ക്മാന്റെ അവസ്ഥ അതീവ ഗുരുതരമായി തുടരുന്നു. യുവാവ് നല്‍കിയ പരാതി പ്രകാരം പോലീസ് കേസെടുത്തു. പക്ഷെ ഇത് വരെ ആരെയും അറസ്‌റ് ചെയ്തിട്ടില്ല. അതേ സമയം നോയിഡയിലെ ദാദ്രിയില്‍ സംഭവിച്ചത് പോലെ ഗുരുഗ്രമിലെ പോലീസ് വാഹനത്തിലെ മാംസം പശുഇറച്ചിയാണോ എന്ന് സ്ഥിരീകരിക്കാന്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. പശു ഇറച്ചി ആണെങ്കില്‍ ആക്രമണത്തിന് ഇരയായ യുവാവിനെതീരെ കേസെടുക്കും.