പെണ്‍കുട്ടിയെ സ്‌നേഹിച്ചതിന് യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ മരത്തില്‍ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തി

ന്യൂഡല്‍ഹി: അയല്‍വാസിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായതിന് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ പ്രതാപ്ഘട്ടിലാണ് ദാരുണമായ സംഭവം ഉണ്ടായത്. അംബിക പ്രസാദ് പട്ടേല്‍ എന്ന 25കാരനാണ് യുവാവിന്റെ ക്രൂരതയില്‍ ജീവന്‍ നഷ്ടമായത്. തിങ്കളാഴ്ച രാത്രിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്.

ഒരു വര്‍ഷത്തോളമായി ഒരു പെണ്‍കുട്ടിയുമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് യുവാവിന് പോലീസ് കോണ്‍സ്റ്റബിളായി ജോലി ലഭിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനത്തില്‍ മാറ്റം ഉണ്ടായുമില്ല. അടുത്തിടെ ഈ പെണ്‍കുട്ടിയുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്ക് വച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാള്‍ക്കെതിരെ കോടതിയില്‍ കേസ് നല്‍കിയിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ യുവാവ് ജയിലിലുമായി.

Loading...

അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് ഒന്നിന് പരോള്‍ ലഭിച്ച് യുവാവ് പുറത്തിറങ്ങി. ഇതിനിടെ തിങ്കളാഴ്ച രാത്രി യുവാവിന്റ വീട്ടിലേക്ക് ഇരച്ചെത്തിയ ആള്‍ക്കാര്‍ യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ തീ കൊളുത്തി കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവമറിഞ്ഞ് ഗ്രാമത്തിലെത്തിയ പൊലീസ് സംഘത്തിന് നേരേയും ആക്രമണമുണ്ടായി. രണ്ട് പൊലീസ് വാഹനങ്ങളും ബൈക്കും അക്രമികള്‍ അഗ്‌നിക്കിരയാക്കി. പൊലീസുകാര്‍ക്കും പരിക്കേറ്റു.അതിനിടെ യുവാവിന്റെ കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് ഗ്രാമത്തില്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.