മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ധനയില്‍ നിന്ന് രക്ഷപ്പെടാൻ ചെയ്യേണ്ടത് ഇങ്ങനെ

മുംബൈ: മുന്‍നിര ടെലികോം കമ്ബനികള്‍ കുത്തനെ ഉയര്‍ത്തിയ മൊബൈല്‍ നിരക്കുകള്‍ അടുത്ത ദിവസം പ്രാബല്യത്തില്‍ വരികയാണ്. ശരാശരി 40 മുതല്‍ 50 ശതമാനം വരെ നിരക്ക് വര്‍ധനയാണ് കമ്ബനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോ, എയര്‍ടെല്‍, വൊഡഫോണ്‍-ഐഡിയ എന്നി കമ്ബനികളുടേതായി മൊത്തം 60 കോടി ഉപഭോക്താക്കളെയാണ് പ്രീപെയ്ഡ് നിരക്ക് വര്‍ധന നേരിട്ട് ബാധിക്കുക. ഇതോടെ ഈ നിരക്ക് വര്‍ധനയില്‍ നിന്ന് ഏങ്ങനെ രക്ഷപ്പെടാമെന്ന ആലോചനകളും തകൃതിയായി നടക്കുകയാണ്.

ഉപഭോക്താക്കള്‍ക്ക് ഈ നിരക്ക് വര്‍ധന താത്കാലികമായി മറികടക്കാന്‍ ടെലികോം കമ്ബനികള്‍ തന്നെ ചില സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജിയോയിന്റെയും എയര്‍ടെലിന്റെയും ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി റീച്ചാര്‍ജ് പ്ലാനുകള്‍ തെരഞ്ഞെടുക്കാനുളള അവസരം നിലനില്‍ക്കുന്നുണ്ട്.
ഇത് പ്രയോജനപ്പെടുത്തിയാല്‍ ഈ നിരക്ക് വര്‍ധനയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Loading...

ഉദാഹരണമായി ഒരു ഉപഭോക്താവിന് 448 രൂപയുടെ പ്ലാന്‍ ഉണ്ടെന്ന് കരുതുക. കറന്റ് പ്ലാനിന്റെ കാലാവധി തീരുന്നതിന് രണ്ടുദിവസം മുന്‍പ് 399 രൂപയുടെ പ്ലാന്‍ തെരഞ്ഞെടുത്താല്‍ ഈ നിരക്ക് വര്‍ധനയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും. കറന്റ് പ്ലാനിന്റെ കാലാവധി തീരുന്ന മുറയ്ക്ക് പുതിയ പ്ലാന്‍ ആക്ടിവാകും. അങ്ങനെയെങ്കില്‍ നിരക്ക് വര്‍ധനയിലാതെ തന്നെ സേവനങ്ങള്‍ എല്ലാം ലഭ്യമാകുമെന്ന് സാരം.

റിലയന്‍സ് ജിയോയ്ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന നിരവധി ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാനുകളുണ്ട്. മൈ ജിയോ ആപ്പ് വഴി ഇത് തെരഞ്ഞെടുക്കാവുന്നതാണ്. ഒരിക്കല്‍ ഇത് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഇതിന്റെ കാലാവധി തീരും മുന്‍പ് മുന്‍കൂട്ടി റീച്ചാര്‍ജ് ചെയ്യാനുളള അവസരമുണ്ട്. അത്തരത്തില്‍ ഈ റീച്ചാര്‍ജ് പ്ലാനുകള്‍ പ്രയോജനപ്പെടുത്തിയാല്‍ പഴയ പ്ലാനിന്റെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജിയോയിനെ പോലെ എയര്‍ടെലിനും സമാനമായ പ്ലാനുകളുണ്ട്. കറന്റ് പ്ലാനിന്റെ കാലാവധി തീരുംമുന്‍പ് പുതിയ പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യാനുളള അവസരമാണ് എയര്‍ടെലും നല്‍കുന്നത്. 199,299,399,499,1699 എന്നി പ്ലാനുകള്‍ എല്ലാം ഇത്തരത്തില്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

വൊഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് 999 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ തെരഞ്ഞെടുത്താല്‍ നിരക്ക് വര്‍ധനയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും. 365 ദിവസത്തെ കാലാവധിയുളള ഈ പ്ലാനില്‍ 12 ജിബി ഡേറ്റയാണ് നല്‍കുന്നത്. പരിധിയില്ലാത്ത വോയ്‌സ് കോളാണ് ഈ പ്ലാനിന്റെ മറ്റൊരു പ്രത്യേകത.